പെരുമ്പാവൂര്‍ ഐരാപുരം റബ്ബര്‍പാര്‍ക്ക് ഹരിജന്‍ കോളനിയിലെ മുതിര്‍ന്ന ആളുകളോടൊപ്പം മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഭക്ഷണം കഴിക്കുന്നു
കൊച്ചി: കന്നുകാലി വില്‍പ്പന നിരോധനവുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തൊന്നും കിട്ടിയിട്ടില്ലെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ഒന്നിച്ച് പോരാടാന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്ത് അയയ്‌ക്കുമെന്ന് പിണറായി പ്രസ്താവിച്ചിരുന്നു.
മുഖ്യമന്ത്രി ബീഫ് പ്രചാരണം മാറ്റിവെച്ചിട്ട് കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കണം. അധികാരത്തിലേറിയ ശേഷം ചുരുങ്ങിയ കാലയളവില്‍ 17 രാഷ്‌ട്രീയ കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ആശയപരമായി വ്യത്യാസമുണ്ടാകാം. പക്ഷേ എതിരാളികളെ സംഘര്‍ഷത്തിലൂടെ അടിച്ചമര്‍ത്തുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത്തരം പ്രവ്യത്തികളിലൂടെ ജനാധിപത്യമാണ് തോല്‍ക്കുന്നത്, ഫഡ്‌നാവിസ് പറഞ്ഞു.
കേരളത്തില്‍ ബീഫുമായി ബന്ധപ്പെട്ട് സമരങ്ങള്‍ക്ക് പ്രസക്തിയില്ല. ജനങ്ങളുടെ ആഹാരശീലം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. പശു സംരക്ഷണം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളതാണ്. കാലികളുടെ എണ്ണം കുറയുന്നത് ഉല്പാദനത്തെ ബാധിച്ചിട്ടുണ്ട്. മഹാരാഷ്‌ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് പാരമ്പര്യ പ്രശ്‌നങ്ങളുണ്ട്.
കര്‍ഷക പ്രക്ഷോഭം പരിധിവിടുന്ന ഘട്ടത്തിലാണ് വെടിവെയ്‌പ്പുണ്ടായത്. അതിനെ ന്യായീകരിക്കുന്നില്ല. കൃഷി മെച്ചപ്പെടുത്താനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. കര്‍ഷകരുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നേരിട്ടാണ് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.
















