മോദി ഫെസ്റ്റ് കേന്ദ്രമന്ത്രി രമേശ് ചന്ദപ്പ ഉദ്ഘാടനം ചെയ്യുന്നു. എ.ജി. ശ്രീകുമാര്‍, കുമ്മനം രാജശേഖരന്‍, കെ. ശിവദാസന്‍, ബി. രാധാമണി, ജി.ഗോപിനാഥ്, എം.എസ്. ശ്യാംകുമാര്‍, അഡ്വ. ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം
കൊല്ലം: നരേന്ദ്രമോദി സര്‍ക്കാര്‍ ഓരോ ഭാരതീയന്റെയും അഭിമാനമുയര്‍ത്തിയെന്ന് കേന്ദ്രമന്ത്രി രമേശ് ചന്ദപ്പ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് ഇതായിരുന്നില്ല അവസ്ഥ. രാജ്യം കട്ടുമുടിച്ച ഒരു ഭരണമായിരുന്നു പത്ത് വര്‍ഷക്കാലം നടമാടിയത്. ഭാരതീയനെന്നതില്‍ ലജ്ജിക്കേണ്ട അവസ്ഥയിലായിരുന്നു ഓരോരുത്തരും.
ഇന്ന് അതല്ല സ്ഥിതി. മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കും വേണ്ടി നിരവധി ക്ഷേമപദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയത്.
അഴിമതിയില്ലാത്ത ഒരു ഭരണം അക്ഷരാര്‍ത്ഥത്തില്‍ പ്രതിപക്ഷത്തെ നിലംപരിശാക്കി. കള്ളപ്പണം തടയാനും നടപടി സ്വീകരിച്ചു. എല്ലാ രംഗങ്ങളിലും മികച്ച മുന്നേറ്റമാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ചിന്നക്കട വൈഎംസിഎയില്‍ നടന്ന മോദി ഫെസ്റ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. മറ്റൊരു സര്‍ക്കാരിനും ചെയ്യാനാകാത്ത കാര്യങ്ങള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയ മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ അന്തസുയര്‍ത്തിയെന്നും കേന്ദ്രമന്ത്രി പരിപാടിയില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഫലങ്ങള്‍ താഴെത്തട്ടിലെത്തിക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
















