തിരുവനന്തപുരം: വിഷ്ണുവിന്റെ അമ്മ വേദിയില്‍ മനമുരുകി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. വൈകല്യങ്ങളെ മറികടന്നുള്ള ആ മായാജാല പ്രകടനത്തിന് വേണ്ടി. ആ മാതൃഹൃയം മാത്രമല്ല 23 കുട്ടികളുടെയും മാതാപിതാക്കളും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാടുമെല്ലാം ആശങ്കയിലായിരുന്നു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് മൂന്നുമാസമായി നല്‍കിയ മാജിക് പരിശീലനം എങ്ങനെ അവതരിപ്പിക്കും. തങ്ങളുടെ മാന്ത്രിക വടിയാല്‍ ആശങ്കകളെ നിഷ്പ്രഭമാക്കുന്ന പ്രകടനായിരുന്നു വിഷ്ണുവും പാര്‍വ്വതിയും ശില്‍പയുമൊക്കെ കാഴ്ചവച്ചത്. മികച്ച മജീഷ്യനെക്കാള്‍ മെയ്‌വഴക്കത്തിലും കൃത്യതോടുമുള്ള പ്രകടനം.
സര്‍ക്കാരിന്റെ അനുയാത്ര പദ്ധതിയുടെ പ്രഖ്യാപനത്തിനെത്തുന്ന ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിക്ക് മുന്നില്‍ അവരതരിപ്പിക്കുന്നതിനുള്ള അവസാനഘട്ട പരിശീലനത്തിലാണ് കുട്ടികള്‍. സംഗീതവും നൃത്തവും ഇന്ദ്രജാലവും ഇടകലര്‍ത്തിയുള്ള ഇന്ദ്രജാല ദൃശ്യവിരുന്നാണ് ഉപരാഷ്‌ട്രപതിക്ക് വേണ്ടി ഒരുക്കുന്നത്. മൂന്ന് മാസം മുമ്പാണ് ഭിന്നശേഷി വിഭാഗത്തിലെ കുട്ടികള്‍ക്കായി സൗജന്യ മാജിക് പരിശീനലം ‘എംപവര്‍’ ആരംഭിച്ചത്. 23 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കിയത്. ഓട്ടിസം, സെറിലബ്രല്‍ ബള്‍സി, വിഷാദരോഗം, ഹൈപ്പര്‍ ആക്ടിവിറ്റി തുടങ്ങിയ രോഗം ബാധിച്ച കുട്ടികളാണ് മാന്ത്രികരുടെ കുപ്പായം അണിയുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ലോകത്തിലെ ആദ്യമാജിക് ട്രൂപ്പാണ് യാഥാര്‍ത്ഥ്യമാകുന്നത്. പ്രൊഡക്ഷന്‍, ഗ്ലാസ്സ്,ചെയര്‍, കളര്‍ ചെയ്ഞ്ച് തുടങ്ങി എട്ട് തലത്തിലുള്ള മാജിക്കുകളാണ് പരിശീലിപ്പിച്ചത്. 23 കുട്ടികളെയും അനുയാത്ര പദ്ധതിയുടെ അമ്പാസിഡര്‍മാരായി ഉപരാഷ്‌ട്രപതി പ്രഖ്യാപിക്കും.
മന്ത്രി കെ.കെ.ഷൈലജ, മാജിക് ഗോപിനാഥ് മുതുകാട്,സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍ തുടങ്ങിയവരും മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രദര്‍ശനം കാണാന്‍ എത്തി.
















