തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ്ഭരണം നടന്ന മലബാര്‍ പ്രദേശവും കൂട്ടിച്ചേര്‍ത്തു രൂപംകൊടുത്ത കേരള സംസ്ഥാന ഭരണം തുടങ്ങിയതിന്റെ 60-ാം വര്‍ഷമാണിത്. ഈ അറുപത് വര്‍ഷത്തെ ഭരണം വിലയിരുത്തിവേണം തുടര്‍ന്നുള്ള കേരളത്തേയും കേരള ഭരണത്തെയും നിര്‍ണ്ണയിക്കാന്‍. 1957-ല്‍ ഭാഷാ സംസ്ഥാനങ്ങള്‍ നിലവില്‍വന്നപ്പോള്‍ ഭരണമേറ്റെടുത്ത ഇ.എം.എസ് നമ്പൂതിരിപ്പാട് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായെങ്കില്‍ 60 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പിണറായി വിജയനാണ് മുഖ്യമന്ത്രി. രണ്ടും മാര്‍ക്സിസ്റ്റ് ഭരണം. കേരളം നേരായ വഴിക്കാണോ പോകുന്നതെന്ന് വിലയിരുത്തേണ്ട സമയമാണിത്.
അടുത്തകാലത്ത് 60 വര്‍ഷത്തെ കേരളത്തെ വിലയിരുത്തിയിട്ടുള്ള സി. അഷറഫിന്റെ ഒരു പഠനലേഖനം വായിച്ചപ്പോള്‍, കേരളം രാജ്യദ്രോഹികളുടെ മാതൃഭൂമി എന്നാണെഴുതിക്കണ്ടത്. കേരളീയ സമൂഹത്തെ രാജ്യദ്രോഹ ചിന്താഗതിയിലേക്കാനയിക്കുന്ന സാഹിത്യചിന്തകന്മാരെയും, അവര്‍ക്കുതാവളമുറപ്പിക്കുന്ന മാതൃഭൂമിപ്പത്രത്തെയും അനുസ്മരിച്ചുകൊണ്ടാണ് ആ ലേഖനം സമാപിക്കുന്നത്.
മാതൃഭൂമി പത്രത്തെക്കുറിച്ചാണ് പറഞ്ഞതെങ്കില്‍ അതില്‍ വന്ന മാറ്റം ദേശസ്നേഹികള്‍ അറിഞ്ഞിരിക്കേണ്ടതാണ്. കോഴിക്കോട്ടെ സ്വാതന്ത്ര്യസമര പങ്കാളികളായ മേനോന്മാരുടെ കൂട്ടായ്മയില്‍ രൂപംകൊണ്ടതാണ് മാതൃഭൂമി. സ്വാതന്ത്ര്യസ്നേഹികളെ സൃഷ്ടിക്കാനുള്ള അതിന്റെ പ്രവര്‍ത്തനവും ‘നാം മുന്നോട്ട്’ എന്ന തലക്കെട്ടില്‍ കെ.പി. കേശവമേനോന് എഴുതിയ ലേഖനങ്ങളും പഴയ തലമുറയ്ക്കറിയാം. കേളപ്പനെപ്പോലെയും സി.എച്ച്. കുഞ്ഞപ്പയെപ്പോലെയും വി.എം. കൊറാത്തിനെപ്പോലെയുമുള്ളവര്‍ പോറ്റിവളര്‍ത്തിയ മാതൃഭൂമിയുടെ മഹത്വലക്ഷ്യം ഒരു ചരിത്രസത്യമാണ്. അതിന്റെ ഷെയറുകള്‍ ഒരുകാലത്ത് പണക്കാര്‍ക്ക് കയ്യടക്കാമെന്ന ഒരവസ്ഥയുണ്ടായി.
അതുവാങ്ങാന്‍ പുതിയ ദേശസ്നേഹികളുടെ ഒരു തലമുറ ഉണ്ടാകാതെ വന്നപ്പോള്‍, സ്വാതന്ത്ര്യത്തിന്റെയോ, ത്യാഗത്തിന്റെയോ യാതൊരു അംശവുമില്ലാത്ത ഒരു കൂട്ടം മുതലാളികള്‍ ആ ഷെയറുകള്‍ കൈയടക്കി. അധികാരം ദേശവിരുദ്ധരുടെ കയ്യിലമര്‍ന്നു. സ്വന്തം കാര്യംനേടാന്‍ നക്സലൈറ്റ്, തീവ്രവാദ ചിന്താഗതിക്കാരായ ചെറുപ്പക്കാരെ നിര്‍ബാധം കയ്യേറാനവസരം നല്കി. അവര്‍ കേരളത്തിലെ ദേശീയശക്തികള്‍ക്കെതിരെ ദുഷ്പ്രചരണം ചെയ്തുകൊണ്ടിരിക്കുന്നു. ദല്‍ഹിയില്‍ ഭരണത്തില്‍ വന്ന മോദി കേരളത്തിലേക്ക് എത്തിനോക്കരുതെന്ന് മാതൃഭൂമിക്ക് നിര്‍ബന്ധമുണ്ട്. അതിലെ വാര്‍ത്തകളും ലേഖനവും വായിക്കുന്നവര്‍ക്കിതു മനസ്സിലാകും. ദല്‍ഹിയില്‍ കോണ്‍ഗ്രസ് ഭരണം നഷ്ടപ്പെട്ടപ്പോള്‍, അവിടുത്തെ മാളങ്ങളില്‍ പതിയിരുന്ന ചില സാഹിത്യകാരന്മാര് കേരളത്തിലുമെത്തിക്കൂടി എഴുത്ത് തുടങ്ങിയിട്ടുണ്ട്.
ദേശസ്നേഹികള്‍ക്ക് വളരെ ഭയം ജനിപ്പിക്കുന്ന കാര്യങ്ങളാണ് മുന്‍പറഞ്ഞ ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിനൊരു പൈതൃകമുണ്ടെങ്കില്‍ അതനുസരിച്ചാണോ കേരളം പോകുന്നതെന്ന് ചിന്തിക്കണം. ഭാരതത്തിന്റെ അവിഭാജ്യ ഘടകമെങ്കില്‍ ആ ഭരണസമ്പ്രദായത്തെ ആദരിച്ചുകൊണ്ടാണോ പോകുന്നതെന്നു ചിന്തിക്കണം. വിനാശകരമായ പ്രവണതകളില്‍ കൂടിയാണുപോകുന്നതെങ്കില്‍ ആ വഴിയില്‍ നിന്നു കേരളത്തെ തിരിച്ചുവിടാനുള്ള മാര്‍ഗ്ഗമാരായണം. അതുകൊണ്ട് കേരളത്തിന്റെ അറുപതാംവര്‍ഷം ദേശസ്നേഹികളുടെ ഗഹനചിന്തക്കു വിധേയമാക്കണം.
- മൂന്നുകാര്യങ്ങളാണിവിടെ ചിന്തിക്കേണ്ടത്.
- കേരളം ദേശീയധാരയിലാണോ പോകുന്നത്?
- അഭിനവകേരളം ഇതിനകം എന്തുനേടി?
കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍ എന്ന് നല്ല അര്‍ത്ഥത്തില്‍ കവി പാടിയ കേരളം ഇന്നെവിടെ?ആദ്യം അധികാരത്തിലെത്തിയ മാര്‍ക്സിസ്റ്റ് ഭരണം നാടിനസഹ്യമായപ്പോള്‍ അതിനെ പിരിച്ചുവിടാന്‍ വേണ്ടി ഒരു വിമോചന സമരം വേണ്ടിവന്നു. സാധാരണക്കാരന്റെ ജീവിതം ദുഃസഹമായപ്പോള്‍ സമൂഹത്തിലെ രാഷ്ട്രീയത്തിലില്ലാത്തവരും രംഗത്തുവന്നു. അവസാനം കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് മന്ത്രിസഭ പിരിച്ചുവിട്ടു.കേരളത്തെക്കുറിച്ചു നന്നായി പഠിച്ചിട്ടുള്ള, എല്ലാത്തരം കേരളീയ ചിന്തകളേയും മാര്‍ക്സിയന്‍ മൂശയിലിട്ടു കമ്മ്യൂണിസ്റ്റാക്കാന്‍ നമ്പൂതിരിപ്പാട് ശ്രമങ്ങള്‍ തുടങ്ങിയപ്പോഴാണ്, മന്ത്രിസഭ പിരിച്ചുവിട്ടത്.
അത് ആദ്യത്തെ മന്ത്രിസഭയുടെ കാര്യമാണെങ്കില്‍ തുടര്‍ന്ന് അറുപതുവര്‍ഷം പിന്നിടുമ്പോഴും സഖ്യകക്ഷികളാണ് കേരളം മാറിമാറി ഭരിച്ചത്. ഇപ്പോഴും അതുതന്നെ അവസ്ഥ. ഇവിടുത്തെ ഏത് സഖ്യകക്ഷിയാണെങ്കിലും ന്യൂനപക്ഷ സാമുദായിക പിന്‍ബലത്തോടെ ഭരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ബഹുജന താല്പര്യമോ, നാടിന്റെ വികസനമോ ആയിരുന്നിട്ടില്ല ഒരു കാലത്തെ ഭരണത്തിന്റെയും താല്പര്യം.
സംഘടിത സമുദായമായ ക്രിസ്ത്യാനികളുടെ കേരള കോണ്‍ഗ്രസ്സും മുസ്ലിം സമുദായത്തിന്റെ ലീഗും പിന്തുണയ്ക്കുന്ന സഖ്യകക്ഷിക്കായിരുന്നു യുഡിഎഫ് ഭരണ സ്വാധീനം. ഹിന്ദുസമൂഹം ഒരു കക്ഷിയല്ലാത്തതുകൊണ്ട്, ജാതി വിഭാഗത്തെ സ്വാധീനിക്കാന്‍ സഖ്യകക്ഷികള്‍ പരിശ്രമിച്ചുപോന്നിട്ടുണ്ട്. ഹിന്ദുവിനെ ഏതുവിധവും സ്വാധീനിക്കാമെന്നും അവന്റെ അവകാശങ്ങള്‍ തട്ടിയെടുക്കാമെന്നും സഖ്യകക്ഷികള്‍ വിശ്വസിച്ചിരുന്നു. ഇടതുപക്ഷ ചേരിയിലുള്ള വര്‍ഗ്ഗീയ-രാഷ്ട്രീയ കക്ഷികളെ കൂട്ടുപിടിച്ച് (എല്‍ഡിഎഫ്) ഒരു കൂട്ടായ്മയുണ്ടാക്കി അവരും മാറിമാറി ഭരിച്ചുപോരുന്നു. തന്മൂലം കേരളമെന്ന വ്യത്യസ്ത ഭാഷയും സംസ്കാരവുമുള്ള ഒരു സംസ്ഥാനമെന്ന നിലയ്ക്കു അതിന്റെ വളര്‍ച്ചയ്ക്കു ഒരിക്കലും കേരളത്തിനു ഭാഗ്യം ലഭിച്ചിട്ടില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: