കോഴിക്കോട്: ചെറുവണ്ണൂരില്‍ സിപിഎമ്മുകാര്‍ ഫ്‌ളക്‌സ് പ്രിന്റിംഗ് സെന്റര്‍ തകര്‍ത്തു. ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.പി. ജനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്‌കൈ ഡിജിറ്റല്‍ ഫ്‌ളക്‌സ് പ്രിന്റിംഗ് സെന്ററാണ് തകര്‍ത്തത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വ്യാഴാഴ്്ച അര്‍ദ്ധരാത്രിയോടെയാണ് സെന്ററിന് നേരെ അക്രമമുണ്ടായത്. രാത്രി 9.30 ഓടെയാണ് ജനില്‍കുമാര്‍ കട പൂട്ടി പോയത്. രാത്രി 12 മണി വരെ തൊട്ടുതാഴെയുള്ള കടയും പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ കട അടച്ച ശേഷമാണ് ഫ്‌ളക്‌സ് പ്രിന്റിംഗ് സെന്ററിന് നേരെ അക്രമമുണ്ടായത്. സെന്ററിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന അക്രമികള്‍ ചില്ലുകള്‍ തകര്‍ത്തു. ഓഫീസിനകത്തെ അഞ്ചോളം കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറും നശിപ്പിച്ചു. ഫ്‌ളക്‌സ് പ്രിന്റിംഗ് യൂണിറ്റിലെ മൂന്നോളം മെഷിനുകള്‍ക്കും കേടു വരുത്തി. പത്തു ലക്ഷം രൂപ വില വരുന്ന ഫ്‌ളക്‌സ് പ്രിന്റിംഗ് മെഷിനും പതിനാലു ലക്ഷം രൂപ വില വരുന്ന എക്കോസോളന്റ് മെഷിനും ഉപയോഗിക്കാനാവാത്ത വിധത്തില്‍ തകര്‍ത്തു. ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നല്ലളം പോലീസില്‍ പരാതി നല്‍കി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍, ബിജെപി ജില്ലാ സെക്രട്ടറി അമര്‍നാഥ,് ലഘു ഉദ്യോഗഭാരതി ജില്ലാ സെക്രട്ടറി യോഗേഷ്, തുടങ്ങിയവര്‍ സെന്റര്‍ സന്ദര്‍ശിച്ചു. കൊളത്തറയിലെ ബസ് കാത്തിരിപ്പ് കേന്ദ്രവും സിപിഎമ്മുകാര്‍ തകര്‍ത്തു. കൊളത്തറ മാളായി വാസുദേവന്‍ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകര്‍ത്തത്. ജെസിബി ഉപയോഗിച്ച് തകര്‍ത്തതെന്നാണ് കരുതുന്നത്.
















