കോഴിക്കോട്: ചക്കിലിയന്‍ സമുദായത്തിനായി മുതലക്കണ്ണീരൊഴുക്കി കോഴിക്കോട് എംപി. യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് എം.കെ. രാഘവന്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടും സമുദായത്തിന്റെ ആവശ്യത്തിന് യാതൊന്നും ചെയ്യാതെ ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി കാത്തിരിക്കുന്നതായി പറയുന്നത് പ്രഹസനമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനം ഭരിച്ചിരുന്ന യുഡിഎഫ് സര്‍ക്കാര്‍ ചക്കിലിയന്‍ സമുദായത്തിന്റെ പ്രശ്‌നം പരിഹരിച്ചില്ല. എംപിയും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ നടപടിയെടുത്തില്ല. ഇപ്പോള്‍ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചതായാണ് എംപി പ്രസ്താവനയില്‍ പറയുന്നത്.
1950ന് മുന്‍പ് കുടിയേറിപ്പാര്‍ത്തവരാണെന്ന രേഖകള്‍ കൈവശമില്ലാത്തതിനാല്‍ അര്‍ഹമായ പട്ടികജാതി സംവരണാനുകൂല്യങ്ങള്‍ ലഭിക്കാതെ സമുദായം ദുരിതത്തിലായിരിക്കുകയാണ്. ഇത് സബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിനും അപേക്ഷകള്‍ സമര്‍പ്പിച്ച് പാര്‍ലമെന്റില്‍ വിഷയമുന്നയിച്ചിട്ടും തീരുമാനമാകാതെ നീണ്ടുപോകുകയാണെന്ന് പറയുന്ന എംപി സമുദായാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
















