ലണ്ടന്‍: രണ്ടു വര്‍ഷം കൂടി അധികാരത്തില്‍ തുടരാന്‍ കഴിയുമെന്നിരിക്കെ നേരത്തെ പൊതു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് ജനങ്ങളെ നേരിട്ട ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്‌ക്ക് തിരിച്ചടി.
തെരേസയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം കിട്ടിയില്ല.
ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത് 326 സീറ്റുകള്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കു കിട്ടിയത് 318 സീറ്റുകള്‍. മുഖ്യപ്രതിപക്ഷമായ, ജെറമി കോര്‍ബിയന്‍ നയിക്കുന്ന ലേബര്‍ പാര്‍ട്ടി കഴിഞ്ഞ തവണത്തേതിനേക്കാള്‍ നില മെച്ചപ്പെടുത്തിയെങ്കിലും 261 സീറ്റില്‍ തൃപ്തരായി.സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 34 സീറ്റുകള്‍ നേടി.
യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ പുറത്തു പോയ ബ്രെക്‌സിറ്റിന്റെ തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ ശക്തമായ ഭൂരിപക്ഷം ആവശ്യമാണെന്നു പറഞ്ഞാണ് തെരേസ നേരത്തേ തെരഞ്ഞെടുപ്പു നടത്തിയത്. ഏപ്രില്‍ പതിനെട്ടിനാണ് തെരഞ്ഞെടുപ്പു പ്ര്യഖ്യാപിച്ചത്.
തൂക്കു സഭയാണെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ തെരേസയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ശക്തമാക്കി. കേവല ഭൂരിപക്ഷത്തിന് എട്ടു സീറ്റുകളാണ് വേണ്ടത്.
പത്തു സീറ്റുകളുള്ള വടക്കന്‍ അയര്‍ലന്‍ഡിലെ ഡെമോക്രാറ്റിക് യൂണിയോണിസ്റ്റ് പാര്‍ട്ടി(ഡിയുപി)യുടെ പിന്തുണ തെരേസ ഉറപ്പിച്ചിട്ടുണ്ട്. ബെക്കിങ്ഹാം കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിക്കുമെന്ന് തെരേസ പറഞ്ഞു.
















