മുപ്പത് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം വിശ്രമ ജീവിതം നയിക്കാന്‍ നാട്ടിലെത്തിയ എസ്.പരമേശ്വരന് ഇപ്പോള്‍ വിശ്രമമില്ല. പുലര്‍ച്ചെ നാലിന് കൃഷിഭൂമിയില്‍ എത്തുന്ന പരമേശ്വരന്‍ രാത്രി വൈകിയാണ് മടങ്ങുന്നത്. ഔദ്യോഗിക ജീവിതത്തിനേക്കാള്‍ തിരക്കാണിപ്പോള്‍, ഇതില്‍ സംതൃപ്തിയും സന്തോഷവുമുണ്ടെന്ന് പരമേശ്വരന്‍ പറഞ്ഞു. റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മാന്നാര്‍ ശിവഭവനത്തില്‍ എസ്. പരമേശ്വരന്‍ (53) ആണ് കാര്‍ഷികമേഖലയില്‍ പുതു വിജയം കൈവരിക്കുന്നത്. 2011ല്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ചു. പിന്നീട് നാല് വര്‍ഷം ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു. 2015ല്‍ നാട്ടിലെത്തി.
2016ലാണ് കൃഷിയിലേക്കുള്ള ചുവടുവയ്‌പ്പ്. ഭാര്യവീടായ കുരട്ടിക്കാട് പൗര്‍ണമിയിലെ പുരയിടത്തിലാണ് തുടക്കം. 50 സെന്റ് സ്ഥലത്തും വീടിനു മുകളിലുമാണ് കൃഷി ആരംഭിച്ചത്. വഴുതനം, മുളക്, പയര്‍ എന്നിവയാണ് ആദ്യം കൃഷി ചെയ്തത്. തുടക്കത്തില്‍ കൃഷി നഷ്ടമായിരുന്നു. എന്നാല്‍ പിന്മാറാന്‍ പരമേശ്വരന്‍ തയ്യാറായില്ല. മാന്നാറിലുള്ള സ്വന്തം വീടിനു സമീപവും, കുരട്ടിക്കാട് ബന്ധുവിന്റെ സ്ഥലത്തേക്കും കൃഷി വ്യാപിപ്പിച്ചു.
ചേന, വാഴ, വെണ്ട, പയര്‍, പടവലം, മുളക്, വഴുതന എന്നിങ്ങനെ കൃഷിവിളകള്‍ വര്‍ദ്ധിച്ചു. വെള്ളത്തിനായി കിണറും കുഴല്‍ കിണറും നിര്‍മ്മിച്ചു. കൃഷിഭവന്റെ സഹായത്തോടെ കൃഷി സ്ഥലങ്ങളെ ബന്ധിപ്പിച്ച് തുള്ളിനന ജലസേചന പദ്ധതി നടപ്പിലാക്കി.
പുലര്‍ച്ചെ നാലിന് എഴുന്നേല്‍ക്കും. വിളകള്‍ക്ക് വെള്ളം നല്‍കുകയാണ് ആദ്യ ജോലി. ടാങ്കുകള്‍ എല്ലാം നിറച്ച ശേഷം തുള്ളിനന ജലസേചന പദ്ധതിയിലുടെ വെള്ളം വിളകളുടെ ചുവട്ടില്‍ എത്തിക്കും.
നേരം പുലരുന്നതോടെ കൃഷി ചെടികളുടെ പാലനമായി. ഓരോ ചെടിയും പരിശോധിച്ച് കീടങ്ങളെ നശിപ്പിച്ചും വളം നല്‍കിയും ചുവടു വൃത്തിയാക്കിയും കഴിയുമ്പോള്‍ പത്തുമണിയെങ്കിലുമാകും. ഇതിനിടയില്‍ വിളവെത്തിയ കായ്ഫലങ്ങള്‍ ശേഖരിക്കും. ഇത് വാങ്ങാനായി സമീപമുള്ള വീട്ടുകാരും പരിചയക്കാരായ പച്ചക്കറി കടക്കാരും വീട്ടിലുണ്ടാകും. ഇവര്‍ക്ക് ആവശ്യാനുസരം സാധനങ്ങള്‍ തൂക്കി നല്‍കും. ബാക്കിയുള്ളവ ചെന്നിത്തല വിപണിയില്‍ എത്തിക്കും. ആഹാരത്തിനു ശേഷം അല്‍പ്പം വിശ്രമം. വീണ്ടും കൃഷി സ്ഥലത്തേക്ക്. പിന്നീട് കയറുന്നത് ഉച്ചയൂണിന്. ഇതിനു ശേഷം വീണ്ടും നാലു മുതല്‍ ഏഴുമണിവരെ വീണ്ടും കൃഷി സ്ഥലത്ത്.
കൂടുതല്‍ ജോലിയുള്ള ദിവസങ്ങളില്‍ പുറത്തു നിന്നും തൊഴിലാളികളെ വിളിക്കും. കാര്‍ഷിക സര്‍വകലാശാല റിട്ട പ്രൊഫ ഡോ. തോമസ് മാത്യു, മാന്നാര്‍ കൃഷി ഓഫീസിലെ ഉദ്യോഗസ്ഥന്‍ മാവേലിക്കര ഹരികുമാര്‍, ഓണാട്ടുകര കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍, പ്രായമായ കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്.
കരക്കൃഷിക്കൊപ്പം നെല്‍കൃഷിയിലും ഒരു കൈ നോക്കണമെന്ന് പരമേശ്വരന് ആഗ്രഹമുണ്ട്. മാന്നാര്‍ വേഴത്താറ് പാടശേഖരത്ത് 70 സെന്റ് പാടശേഖരം സ്വന്തമായുണ്ട്.
ഇവിടെ ഇപ്പോള്‍ സുഹൃത്താണ് കൃഷി ചെയ്യുന്നത്. അവിടെ കൃഷി ഇറക്കണമെന്നാണ് പരമേശ്വരന്റെ ആഗ്രഹം. പരമേശ്വരന്റെ കൃഷി സ്ഥലങ്ങള്‍ കാണാനും കൃഷി രീതികള്‍ മനസ്സിലാക്കാനും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്താറുണ്ട്. ഇവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമുണ്ടെന്ന് പരമേശ്വരന്‍ പറഞ്ഞു. നൂതനവും പഴയതുമായ കാര്‍ഷിക ഉപകരണങ്ങളുടെ വലിയ ശേഖരവും പരമേശ്വരന് സ്വന്തമായുണ്ട്.
റിട്ട. അദ്ധ്യാപകരായിരുന്ന മുത്തച്ഛനും അച്ഛനുമാണ് പരമേശ്വരന്റെ കൃഷിജീവിതത്തിനു മാതൃക. അദ്ധ്യാപനത്തോടൊപ്പം നല്ല കര്‍ഷകരുമായിരുന്നു മുത്തച്ഛന്‍ തോട്ടത്തില്‍ പരമേശ്വരന്‍ ഉണ്ണിത്താനും അച്ഛന്‍ ശങ്കരപ്പിള്ളയും. കൃഷി ചെയ്യുന്നത് അഭിമാനമായി കാണുന്ന സമൂഹം വളര്‍ന്നു വരണമെന്നാണ് പരമേശ്വരന്റെ ആഗ്രഹം.
കൃഷി ഭൂമിയൊരുക്കം
കൃഷി സ്ഥലം തയ്യാറാക്കുന്നതിലും പ്രത്യേകത ഏറെയാണ്. ഗ്രോബാഗില്‍ കൃഷി ചെയ്യുന്നതിനു സമാനമായാണ് കൃഷി ഭൂമി തയ്യാറാക്കുന്നത്. ആദ്യം നന്നായി കിളയ്‌ക്കും. അതിനു ശേഷം ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക്, വളം തുടങ്ങിയവ ഇട്ടശേഷം വാരം പിടിക്കും. ഇതില്‍ തുള്ളിനന ജലസേചന പദ്ധതിയുടെ പൈപ്പ് ലൈന്‍ ഉറപ്പിക്കും.
ഇതിനു മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിക്കും. ചെടികള്‍ നടേണ്ട ഭാഗം മുറിച്ചു മാറ്റിയാണ് വിത്തുകള്‍ പാകുന്നതും തൈകള്‍ നടുന്നതും. കൃഷിസ്ഥലത്ത് പുല്ലുകള്‍ വളരാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. ഇതോടൊപ്പം വളവും വെള്ളവും കൃത്യമായി ചെടികള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. കൂടുതലും ജൈവ വളം മാത്രമാണ് ഉപയോഗിക്കുന്നത്. കുട്ടമ്പേരൂരിലുള്ള സുഹൃത്തിന്റെ പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ആവശ്യാനുസരണം ചാണകവും ശേഖരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: