കോട്ടയം: മഴക്കാലം റബ്ബറിന് രോഗങ്ങളുടേയും കാലമാണ്. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ കുമിള്‍രോഗങ്ങള്‍ കൂടുതലായി പരക്കുന്നതുകൊണ്ടാണിത്. ഇതില്‍ പലരോഗങ്ങളും റബ്ബറിന്റെ വളര്‍ച്ചയേയും ഉത്പാദനത്തേയും സാരമായി ബാധിക്കുന്നവയാണ്.
പ്രധാന മഴക്കാലരോഗങ്ങള്‍.
അകാല ഇലകൊഴിച്ചില്‍: ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഉണ്ടാകുന്ന ഇലകൊഴിച്ചില്‍ കുമിള്‍രോഗം മൂലമാണ്. കായ്കളെയാണ് രോഗം ആദ്യം ബാധിക്കുന്നത്.തുടര്‍ന്ന് ഇലകളെ ബാധിച്ച് അവ കൊഴിയുന്നു. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രമോ അല്ലെങ്കില്‍ കോപ്പര്‍ഓക്‌സിക്ലോറൈഡ് സ്‌പ്രേഓയിലില്‍ കലര്‍ത്തിയതോ (1:5 എന്ന അനുപാതത്തില്‍) തളിച്ച് രോഗം തടയാം.
കൂമ്പു ചീയല്‍: ചെറുതൈകളെയാണ് ബാധിക്കുന്നത്. ഇളം കൂമ്പുകളും തളിരിലകളും അഴുകും. തുടക്കത്തില്‍ നിയന്ത്രിച്ചില്ലെങ്കില്‍ തണ്ടിലേക്കും രോഗം വ്യാപിച്ച് വളര്‍ച്ച മുരടിക്കുന്നതിന് ഇടയാക്കും. ഒരുശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രമോ കോപ്പര്‍ഓക്‌സിക്ലോറൈഡ് 0.125 ശതമാനം വീര്യത്തില്‍ വെള്ളത്തില്‍ കലര്‍ത്തിയതോ തളിച്ച് ഈ രോഗം നിയന്ത്രിക്കാം. മഴക്കാലത്ത്, ഇടയ്‌ക്ക് വെയില്‍കിട്ടുമ്പോള്‍ മരുന്നടിക്കണം. തളിരിലകളില്‍ മുകളിലും താഴേയും നന്നായി പറ്റിപ്പിടിക്കത്തക്കവിധം വേണം മരുന്നുതളിക്കാന്‍. കാര്‍ഷികാവശ്യത്തിനുപയോഗിക്കുന്ന എതെങ്കിലും പശ കൂടി മരുന്നില്‍ ചേര്‍ത്ത് തളിക്കുന്നത് ഇലകളില്‍ നന്നായി പറ്റിപ്പിടിക്കുന്നതിന് സഹായിക്കും.
ചീക്ക് അഥവാ പിങ്കുരോഗം: തായ്തടി, ശിഖരങ്ങള്‍, കവരഭാഗങ്ങള്‍ എന്നിവിടങ്ങളിലെ പട്ടയെ ബാധിക്കുന്ന രോഗമാണിത്. തുടക്കത്തില്‍ വെളുത്ത പൂപ്പല്‍പോലെ കാണപ്പെടുകയും തുടര്‍ന്ന് ഈ ഭാഗത്ത് റബ്ബര്‍പാല്‍ പൊട്ടിഒലിക്കുകയും ചെയ്യും. പട്ട ചീഞ്ഞു പോകുന്നതുമൂലം രോഗംബാധിച്ച ഭാഗത്തിന് മുകളിലുള്ള ഇലകളും തണ്ടുകളും ഉണങ്ങും. മരത്തില്‍ രോഗം വരാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രം സ്‌പ്രേ ചെയ്യുന്നത് രോഗം വരാതിരിക്കാന്‍ സഹായിക്കും. രോഗംവന്ന മരങ്ങളില്‍ പത്തുശതമാനം വീര്യമുള്ള ബോര്‍ഡോകുഴമ്പ് പുരട്ടി ഈ രോഗം നിയന്ത്രിക്കാം.
പട്ട ചീയല്‍: ടാപ്പുചെയ്യുന്ന മരങ്ങളുടെ വെട്ടുപട്ടയില്‍ ഉണ്ടാകുന്ന ഒരു കുമിള്‍രോഗമാണിത്. രോഗംമൂലം പട്ട ചീയുകയും പാല്‍ ഇല്ലാതാകുകയും ചെയ്യും. രോഗംബാധിച്ചഭാഗം ചുരണ്ടി നോക്കിയാല്‍ തടിയില്‍ നെടുകെ കറുത്ത ചെറിയവരകള്‍ കാണാം. മഴക്കാലത്ത് ടാപ്പുചെയ്യുമ്പോള്‍ ആഴ്ചയിലൊരിക്കല്‍ (ടാപ്പു ചെയ്യുന്നതിന്റെ പിറ്റേന്ന്) വെട്ടുപട്ട 0.375 ശതമാനം വീര്യത്തില്‍ മാങ്കോസെബ് ഉപയോഗിച്ചു കഴുകുന്നത് ഈ രോഗം വരാതിരിക്കാന്‍ സഹായിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: റബ്ബര്‍ബോര്‍ഡ് കോള്‍സെന്റര്‍ – 0481 – 257 66 22, റബ്ബര്‍ക്ലിനിക് വാട്ട്‌സാപ്പ് നമ്പര്‍ – 9496 333 117.
പ്രതികരിക്കാൻ ഇവിടെ എഴുതുക: