തിരുവനന്തപുരം: കന്നുകാലിവില്പന സംബന്ധിച്ച കേന്ദ്രവിജ്ഞാപനത്തിന്റെ പേരില്‍ വിളിച്ചുചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം കോണ്‍ഗ്രസ്-ഇടതു മുന്നണി സഖ്യത്തിന്റെ രംഗപ്രവേശനമാണെന്ന് ഒ.രാജഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡെങ്കിപ്പനിയോ, റേഷന്‍ കാര്‍ഡ് വിഷയമോ പോലെയുള്ള ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സമയം കിട്ടാത്തവര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഒരുമിച്ച് സമരപ്രഖ്യാപനം നടത്താന്‍ നിയമസഭ ദുരുപയോഗം ചെയ്യുകയായിരുന്നു. 17 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ച കോണ്‍ഗ്രസ് ആണ് ഗോവധത്തിനുവേണ്ടി വാദിക്കുന്ന മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുമായി ഒന്നിച്ചുചേര്‍ന്നത്. മുമ്പ് അഖിലേന്ത്യാതലത്തില്‍ കൂട്ടുകെട്ടുണ്ടായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് വരുന്ന വേളയില്‍ കൂട്ടായ പ്രചരണവേദി ഒരുക്കാനാണ് നിയമസഭാ സമ്മേളനം ഉപയോഗിച്ചത്. കന്നുകാലി സമ്പത്ത് വര്‍ധിച്ചുവരേണ്ടത് ആവശ്യമാണ്. കശാപ്പ് ഒഴിവാക്കണം എന്നുകേന്ദ്രം പറഞ്ഞിട്ടില്ല. നിയമസഭയിലടക്കം യഥേഷ്ടം ബീഫ് ലഭിക്കുന്ന അവസ്ഥയാണ്. എന്തിനും ആര്‍എസ്എസിന്റെ പേരുപറഞ്ഞ് കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.
ഫാസിസത്തെപ്പറ്റി പറയുന്ന ഇടതുമുന്നണിയാണ് ദല്‍ഹി ആക്രമണത്തിന്റെ പേരുപറഞ്ഞ് കേരളത്തിലെമ്പാടും സംഘപരിവാര്‍ ഓഫീസുകള്‍ക്കുനേരെ അക്രമം അഴിച്ചുവിടുന്നത്.
സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കേണ്ട ചുമതല കേന്ദ്ര സര്‍ക്കാരിനുണ്ട്. കരട് വിജ്ഞാപനമിറക്കി നാലുമാസം സമയം കൊടുത്തു. കേരള സര്‍ക്കാര്‍ കേട്ട ഭാവം നടിച്ചില്ല. പ്രതിഷേധങ്ങള്‍ വന്നപ്പോള്‍ എല്ലാം സ്വീകാര്യമായ റൂള്‍സ് ഉണ്ടാക്കാമെന്ന് കേന്ദ്രമന്ത്രി തന്നെ വ്യക്തമാക്കി. എന്നിട്ടും യാതൊരു നിര്‍ദ്ദേശവും കൊടുക്കാതെ മോദി വിരുദ്ധസമരത്തിന് കമ്മ്യൂണിസ്റ്റുകാരുടെ ഉപദേശം സ്വീകരിക്കുകയാണ് കോണ്‍ഗ്രസ്. പ്രത്യേക നിയമ നിര്‍മ്മാണത്തിന് സംസ്ഥാനം തയ്യാറാണോയെന്ന് ചോദിച്ചപ്പോള്‍ നിയമസഭയില്‍ ഉത്തരം ശേഖരിച്ചുവരുന്നുവെന്ന പതിവുപല്ലവിപോലെ നോക്കാം എന്നാണ് മറുപടി. ഒ.രാജഗോപാല്‍ പറഞ്ഞു.
















