ഒറ്റപ്പാലം; കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്ക്കാരം കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താന് ലഭ്യമായതില്‍ കഥകളിപ്രേമികള്‍ക്ക് ഏറെ ചാരിതാര്‍ത്ഥ്യം.
1951 മാര്‍ച്ച് എട്ടിന് കൊല്ലം ജില്ലയിലെ പ്ലാക്കോട് ഗ്രാമത്തില്‍ വലിയവിള പുത്തന്‍ വീട്ടില്‍ വാസുപിള്ളയുടെയും ഗോമതിയമ്മയുടെയും മൂത്തമകനായി ജനിച്ച അദ്ദേഹം ഏഴാം ക്ലാസിനു ശേഷം കഥകളി പഠനത്തിനായി 1962ല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നത്. അവിടെനിന്ന് ഡിപ്ലോമയും പിജിയും പൂര്‍ത്തികരിച്ച അദ്ദേഹം ആദ്യ ഗുരു കരിപ്ര വാസുപിള്ള,കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം ഗോപി, സദനം കൃഷ്ണന്കുട്ടിനായര് എന്നിവരുടെ ശിക്ഷണത്തില്‍ കഥകളി അഭ്യസിച്ചു.
വേഷങ്ങളിലെ ഉണ്ണിത്താന്റെ കഴിവ് തിരിച്ചറിഞ്ഞ് ‘താടി’ വേഷങ്ങളിലേക്ക് (ദുശ്ശാസനന്, ജരാസന്ധന്, കലി, ത്രിഗര്ത്തന്, വീരഭദ്രന്, കാലകേയന്, ബാലി) തിരിഞ്ഞു. ഇതിനുകാരണക്കാരന്‍ സദനം ക്യഷ്ണന്കുട്ടിനായരാണ്. ഇതായിരുന്നു അദ്ദേഹത്തിന്റെ ജീവിതയാത്രയിലെ വഴിത്തിരിവ്.
കഥകളി ഒരു തപസ്യയാക്കിയ ആശാനെ കേരള സംഗീത അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് (2006), കേരള കലാമണ്ഡലത്തിന്റെ കഥകളി വേഷത്തിനുള്ള അവാര്‍ഡ് (2008), കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ എച്ച്ആര്‍ഡി സീനിയര്‍ ഫെലോഷിപ്പ്, എറണാകുളം കഥകളി ക്ലബ്ബിന്റെ കളഹംസം അവാര്‍ഡ്, ഞാങ്ങാട്ടിരി ഭഗവതി പുരസ്കാരം തുടങ്ങി അനേകം അംഗീകാരങ്ങള്‍ ആശാനെ തേടിയെത്തിയിരുന്നു.
ചെറുതുരുത്തി വെട്ടിക്കാട്ടിരി ശ്രീവിലാസിലാണ് ആശാന്റെ താമസം. റിട്ട.അധ്യാപിക ശ്രീകുമാരിയാണ് പത്നി. മക്കള്‍: അഭിലാഷ്,രമ്യ,രശ്മി.
സഹോദരങ്ങള്‍: കുട്ടപ്പന് ഉണ്ണിത്താന്, മുരളീധരന് ഉണ്ണിത്താന്, പ്രഭാകരന്‍പിള്ള (എന്‍എസ്എസ് എഞ്ചിനീയറിങ്ങ് കോളേജ്, പാലക്കാട്), സരസ്വതിയമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: