ലഫ്. കേണല്‍ രാജാചാരി
ന്യൂയോര്‍ക്ക്: അടുത്ത ബഹിരാകാശ ദൗത്യങ്ങളില്‍ യാത്രചെയ്യാനുള്ള സംഘത്തെ അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസ പ്രഖ്യാപിച്ചു.12 പേരുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജനുമുണ്ട്, അമേരിക്കന്‍ വ്യോമസേനയിലെ ലഫ്. കേണല്‍ രാജാചാരി.
18300 അപേക്ഷകരില്‍ നിന്നാണ് 12 പേരെ തെരഞ്ഞെടുത്തത്. ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ വച്ച് പുതിയ അംഗങ്ങളെ പരിയപ്പെടുത്തി. ഇയോവയിലെ വാട്ടര്‍ലൂവിലെ താമസക്കാരനാണ് 39 വയസുള്ള രാജാചാരി. യുഎസ് എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നിന്ന് ബഹിരാകാശ എന്‍ജിനിയറിങ്ങിലും എന്‍ജിനിയറിങ്ങ് ശാസ്ത്രത്തിലും ബിരുദം. പിന്നീട് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദാനന്തര ബിരുദം.
അമേരിക്കന്‍ നാവിക ടെസ്റ്റ് പൈലറ്റ് സ്‌കൂളില്‍ നിന്ന് ബിരുദം. യുഎസ് വ്യോമസേനയുടെ 461ാമത് ഫ്‌ളൈറ്റ് ടെസ്റ്റ് സ്‌ക്വാഡ്രണ്‍ കമാന്‍ഡറായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കാലിഫോര്‍ണിയയിലെ എഡ്‌വേര്‍ഡ്‌സ് വ്യോമസേനാത്താവളത്തിലെ എഫ് 35 സംയോജിത ടെസ്റ്റ് ഫോഴ്‌സിന്റെ ഡയറക്ടറാണ്. കാര്യങ്ങളെല്ലാം ശരിയായാല്‍ ബഹിരാകാശത്ത് പോകുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജനാകും.
കല്‍പ്പന ചൗള, സുനിതാ വില്യംസ് എന്നിരവാണ് ആദ്യത്തെ രണ്ടു പേര്‍. ഇതില്‍ കല്‍പ്പന ചൗള കൊളംബിയ സ്‌പേസ് ഷട്ടില്‍ പൊട്ടിത്തെറിച്ച് മരണമടഞ്ഞിരുന്നു.
















