പരപ്പനങ്ങാടി: പരിയാപുരത്ത് ഐഐഎസ്ടി കോളേജിന് സ്ഥലം ഏറ്റെടുക്കാന്‍ റവന്യൂ സംഘമെത്തിയത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ തന്നെ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചു. പോലീസിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പുറമെ ബാഡ്ജ് ധരിച്ചെത്തിയ ഐഐഎസ്ടി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ജനങ്ങളെ ബലമായി നീക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്. റോഡില്‍ കുത്തിയിരുന്ന വീട്ടമ്മമാരെ പോലീസ് ബലമായി മാറ്റാന്‍ ശ്രമിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായി.
തുടര്‍ന്ന് സമരസമിതി നേതാക്കളായ ടി.വി.രാമന്, ടി.ശ്രീധരന്, ദുര്‍ഗ്ഗാദാസ്, കെ.വിനീഷ് എന്നിവര്‍ കളക്ടറുമായി ഫോണില്‍ നടത്തിയ ചര്‍ച്ചയില്‍ തല്ക്കാലം റവന്യൂ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ധാരണയായി.
ജനവാസ മേഖലയില്‍ ഐഐഎസ്ടി സ്ഥാപിക്കുന്നതിനെതിരെ ജനരോക്ഷം ശക്തമായിരുന്നു. പ്രദേശത്ത് നിന്നും ഹൈന്ദവ ജനവിഭാഗങ്ങളില്‍പ്പെടുന്ന നിരവധിപ്പേരാണ് കുടിയൊഴിപ്പിക്കപ്പെടുന്നത്. കാവുകളും കുളങ്ങളും ക്ഷേത്രങ്ങളും ഉള്‍പ്പെടുന്ന 32 ഏക്കറോളം ഭൂമിയാണ് ഐഐഎസ്ടി നിര്‍മ്മിക്കാന്‍ അധികൃതര്‍ കണ്ടെത്തിയത്. ഭൂവുടമകളില്‍ മൂന്നുപേര്‍ മാത്രമാണ് ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധരായിട്ടുള്ളു.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഐഐഎസ്ടി പരപ്പനങ്ങാടിയിലെ വാടക കെട്ടിടത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. നിര്‍ദ്ദിഷ്ട ഐഐഎസ്ടി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ അധികൃതര്‍ വൈകിപ്പിക്കുകയായിരുന്നു. അതിനിടെ ചിലര്‍ ഐഐഎസ്ടി സംരക്ഷണസമിതി എന്ന പേരില്‍ ഒരു സമിതിക്ക് രൂപം നല്കി. ഇവരുടെ താല്പര്യപ്രകാരമാണ് ഇന്നലെ നടന്ന റവന്യൂ നടപടികള്‍.
തിരൂര്‍ ഡിവൈഎസ്പി പി.എ.ഉല്ലാസ്, താനൂര്‍ സിഐ അലവി, സണ്ണി ചാക്കോ, എസ്ഐമാരായ ഷമീര്‍, രാജേന്ദ്രന്, തിരൂരങ്ങാടി തഹിസില്‍ദ്ദാര്‍ സജി.എഫ്.മെന്‍ഡിസ്, ഡെപ്യൂട്ടി തഹിസില്‍ദ്ദാര്‍ പി.ഷീജ ബീഗം തുടങ്ങിയവരും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: