കോഴിക്കോട്: കേരള ഫീഡ്‌സിന്റെ രണ്ടു പുതിയ ഉല്പന്നങ്ങള്‍ കൂടി വിപണിയിലേക്ക്. കെഎഫ് മിടുക്കി, കെഎഫ് നിറവ് എന്നീ ഉല്പന്നങ്ങളാണ് പുതിയതായി വിപണിയിലിറക്കുന്നത്. കേരള ഫീഡ്‌സിന്റെ തിരുവങ്ങൂരിലെ ആധുനിക കാലിത്തീറ്റ ഫാക്ടറിയില്‍ നിന്നാണ് ഇവ ഉല്പാദിപ്പിക്കുക. ഫാക്ടറിയിലെ വ്യാവസായിക ഉത്പാദനത്തിന്റെ ഉദ്ഘാടനവും മിടുക്കി, നിറവ് കാലിത്തീറ്റകളുടെ വിപണനോദ്ഘാടനവും മന്ത്രി അഡ്വ.കെ. രാജു നിര്‍വഹിക്കും.
അന്താരാഷ്‌ട്ര നിലവാരമുള്ള യന്ത്ര സാമഗ്രികളുടെയും അത്യാധുനിക സാങ്കേതികവിദ്യയുടെയും സഹായത്തോടെ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിച്ച ഉത്പാദന സജ്ജീകരണങ്ങളോടെ നിര്‍മ്മിച്ച ഈ ഫാക്ടറിക്ക് പ്രതിദിനം 300 മെട്രിക് ടണ്‍ കാലിത്തീറ്റ ഉത്പാദന ശേഷിയുണ്ട്. ഈ ഹൈടെക് ഫാക്ടറിയുടെ ഉത്പാദനം പൂര്‍ണതോതില്‍ എത്തുന്നതോടെ മലബാറിലെ ക്ഷീരകര്‍ഷകര്‍ക്ക് ന്യായ വിലയ്‌ക്ക് കാലിത്തീറ്റ ലഭ്യമാകും. 52 കോടി ചെലവിട്ടാണ് ഫാക്ടറി നിര്‍മ്മിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും നബാര്‍ഡിന്റെയും സഹായത്തോടെയാണ് ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്.
പാലുല്‍പാദനത്തിനും പശുക്കളുടെ സമഗ്ര ആരാഗ്യത്തിനും വന്ധ്യതാ നിവാരണത്തിനും ഫലപ്രദമാണ് പുതുതായി വിപണിയിലിറക്കുന്ന കാലിത്തീറ്റകളെന്ന് എംഡി ഡോ. ബി. ശ്രീകുമാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 4,70,000 മെട്രിക് ടണ്‍ കാലിത്തീറ്റയാണ് കേരള ഫീഡ്‌സ് വിറ്റഴിച്ചത്. 1999 ല്‍ 27 കോടിയായിരുന്ന വിറ്റുവരവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 408 കോടിയായി വര്‍ദ്ധിച്ചു.
















