കോഴിക്കോട്: വനിതാ കമ്മീഷന്‍ അദാലത്തില്‍ കൂടുതലായി എത്തുന്നത് സ്വത്ത് തര്‍ക്കവും കുടുംബപ്രശ്‌നങ്ങളും. ഇന്നലെ കോഴിക്കോട് നടന്ന കമ്മീഷന്‍ അദാലത്തിന് ശേഷം കമ്മീഷന്‍ അംഗം ലിസി ജോസാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 76 പരാതികള്‍ പരിഗണിച്ചതില്‍ 31 എണ്ണം തീര്‍പ്പാക്കിയതായി കമ്മീഷന്‍ അംഗം ഡോ. ലിസി ജോസ് അറിയിച്ചു. 14 പരാതികളില്‍ പൊലീസിന്റെയും വിവിധ വകുപ്പുകളുടെയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നാല് പരാതികള്‍ ആര്‍ഡിഒയുടെ പരിഗണനയ്‌ക്കും അഞ്ച് എണ്ണം കൗണ്‍സലിങ്ങിനും വിട്ടു. 22 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കാനായി മാറ്റി.
സ്വത്ത് തര്‍ക്കം, വഴിത്തര്‍ക്കം, കുടുംബപ്രശ്‌നം എന്നിവയാണ് കൂടുതലായി വന്നതെന്ന് ഡോ. ലിസി ജോസ് പറഞ്ഞു. അകന്നു കഴിയുകയായിരുന്ന ഭര്‍ത്താവിനെയും ഭാര്യയേയും അദാലത്തിലൂടെ ഒരുമിപ്പിക്കാന്‍ കഴിഞ്ഞു. പരസ്പരമുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ഇവര്‍ തമ്മില്‍ ധാരണയായി. ഗള്‍ഫിലുള്ള ഭര്‍ത്താവുമായി കമ്മിഷന്‍ ഫോണില്‍ സംസാരിച്ചാണ് ഒത്തുതീര്‍പ്പാക്കിയത്.
20 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഭര്‍ത്താവ് വിട്ടുകൊടുക്കുന്നില്ലെന്ന യുവതിയുടെ പരാതിയില്‍ കുട്ടിയെ വീണ്ടെടുത്തുകൊടുക്കാന്‍ ബേപ്പൂര്‍ പൊലീസിന് കമ്മിഷന്‍ നിര്‍ദേശം നല്‍കി. വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ അധിക്ഷേപകരമായ അഭിപ്രായപ്രകടനം നടത്തിയെന്ന വിദ്യാര്‍ഥിനിയുടെ പരാതി അദാലത്തില്‍ ഒത്തുതീര്‍പ്പാക്കി.
അദാലത്തില്‍ കമ്മിഷന്റെ ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ അഡ്വ. വി.ഇ. ലത, അഡ്വ. ഷമീന ഗഫൂര്‍, വനിത സെല്‍ ഉദ്യോഗസ്ഥരായ എസ്.ഐ ജമീല എ.കെ, സിവില്‍ പൊലീസ് ഓഫീസര്‍ റജീന പി.കെ എന്നിവരും പങ്കെടുത്തു.
















