പൂച്ചാക്കല്‍: പകല്‍ സമയത്ത് വീടിന്റെ അടുക്കളവാതില്‍ കുത്തിപ്പൊളിച്ച് നാലരപവന്‍ സ്വര്‍ണം മോഷ്ടിച്ചു. പാണാവള്ളി കക്കനാട് വെളി ഉദയകുമാറിന്റെ വീട്ടില്‍ ചൊവാഴ്ചയായിരുന്നു സംഭവം. കിടപ്പുമുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു മാല, ലോക്കറ്റ്, രണ്ടു ജോഡി കമ്മല്‍ എന്നിവയാണ് നഷ്ടപ്പെട്ടത്.
ആലുവ കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ ജൂനിയര്‍ സൂപ്രണ്ടായ ഉദയകുമാറും കളമശേരിയില്‍ ആരോഗ്യവകുപ്പ് ജീവനക്കാരിയായ ഭാര്യ സജിമോളും രാവിലെ വീട് പൂട്ടിയ ശേഷം ജോലിക്കു പോയിരിക്കുകയായിരുന്നു. മക്കള്‍ സ്‌കൂളിലും പോയി.
ഉദയകുമാറിന്റെ വീടിന്റെ പുറത്ത് ഉണങ്ങാന്‍ ഇട്ടിരുന്ന വസ്ത്രങ്ങള്‍ മഴക്കാറിനെ തുടര്‍ന്ന് സമീപവീട്ടില്‍ താമസിക്കുന്ന പിതാവ് പുരുഷോത്തമന്‍ എടുത്തു വീടിന്റെ അകത്തേക്ക് ഇടാന്‍ വന്നപ്പോഴാണ് അടുക്കളവാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്.
ഉദയകുമാറും ഭാര്യയും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇവരുടെ കിടപ്പുമുറിയുടെയും അലമാരയുടെയും താക്കോലുകള്‍ മോഷ്ടാവ് കണ്ടെത്തി തുറന്നാണ് സ്വര്‍ണം എടുത്തത്. മറ്റു മുറികളും അലമാരകളും അലങ്കോലമാക്കിയിടുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ പൂച്ചാക്കല്‍ പോലീസ്, വിരലടയാള വിദഗ്ദര്‍, പൊലീസ് നായ സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. പോലീസ് നായ വീടിനു ചുറ്റും മണം പിടിച്ചുനടന്നശേഷം മുന്‍ഭാഗത്തെ ഗേറ്റിനു സമീപം നിന്നു. കേസെടുത്തുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൂച്ചാക്കല്‍ എസ്‌ഐ സഞ്ചു ജോസഫ് അറിയിച്ചു.
















