കാഞ്ഞങ്ങാട്: ഔഷധങ്ങളുടെ വില ക്രമാതീതമായി കുതിച്ചുയരുന്ന സാഹചര്യത്തില്‍ പാവപ്പെട്ട രോഗികള്‍ക്ക് മരുന്നുകള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രയുടെ കാസര്‍കോട് ജില്ലയിലെ ആദ്യത്തെ മെഡിക്കല്‍ സ്റ്റോര്‍ ഉദയംകുന്ന് വിവേകാനന്ദ അക്ഷയശ്രീയുടെ സഹകരണത്തോടെ കാഞ്ഞങ്ങാട് ദേവന് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ജെനറിക് മെഡിസിന്, ബ്രാന്‍ഡഡ് കമ്പനികളുടെ മരുന്നുകളുടെ ഔഷധ ഗുണനിലവാരത്തിലുള്ള മരുന്നുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജീവന് ഔഷധി മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ.ജീവന് ബാബു ഐഎഎസ് നിര്‍വ്വഹിച്ചു.
നഗരസഭാ കൗണ്‍സിലര്‍ എം.ബല്‍രാജ് അദ്ധ്യക്ഷത വഹിച്ചു. അക്ഷയശ്രീ മിഷന് സംസ്ഥാന ചെയര്മാന് അഡ്വ. കെ.കരുണാകരന്, സുധീഷ്ചന്ദ്രന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, സഹാര്‍ ഭാരതി ജില്ലാ പ്രസിഡണ്ട് ഗണപതി കോട്ടക്കണ്ണി, അക്ഷയ ശ്രീ സംസ്ഥാന കമ്മറ്റി അംഗം ഗോവിന്ദന് മാസ്റ്റര്‍ കൊട്ടോടി, ജില്ലാ സെക്രട്ടറി ബിജി ബാബു, എം നാഗരാജ് എന്നിവര്‍ സംസാരിച്ചു.
ഉണ്ണികൃഷ്ണന് സ്വാഗതവും പി.വിക്രമന് നന്ദിയും പറഞ്ഞു.സംസ്ഥാനത്ത് ഇതിനകം ഇരുന്നുറോളം ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിച്ചു കഴിഞ്ഞു. നാന്നൂറില്പരം ജനറിക് ബ്രാന്റുകള്‍ ഇവിടെ നിന്നും ലഭിക്കും. രക്ത സമ്മദ്ദം, പ്രമേഹം, കൊളസ്ട്രോള്‍ എന്നീ രോഗങ്ങളുടെ മരുന്നുകള്‍ 50 മുതല്‍ 80 ശതമാനം വിലകുറവിലാണ് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: