കാസര്‍കോട്: പാരലല്‍, സെല്‍ഫ് ഫിനാന്‍സിംഗ് മറ്റ് അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുളള സര്‍ക്കാര്‍, എയ്ഡഡ്, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്ഥാപന മേധാവികള്‍ അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡോ ബസ് പാസ്സോ ഉപയോഗിച്ച് സ്വകാര്യബസ്സുകളില്‍ യാത്ര ചെയ്യുന്നതിന് അനുവദിക്കാന്‍ ജില്ലാകളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ ജില്ലാതല യോഗം തീരുമാനിച്ചു.
പാരലല്‍, സെല്‍ഫ് ഫിനാന്‍സിംഗ്, മറ്റ് അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ ആര് ടി ഒ ഒപ്പിട്ട പാസ് ഉപയോഗിച്ച് യാത്ര ചെയ്യണം. പഠനവുമായി ബന്ധപ്പെട്ട് അവധി ദിവസമോ സമയപരിധിയോ നോക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാഇളവ് അനുവദിക്കും. അധ്യയനം ആരംഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 30 വരെ നിലവിലുളള പാസ് ഉപയോഗിച്ച് യാത്ര ചെയ്യാം. 30നകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം.
വിദ്യാര്‍ത്ഥിയുടെ താമസസ്ഥലത്ത് നിന്ന് പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്കുളള യാത്രയ്ക്ക് മാത്രമാണ് ഇളവ് അനുവദിക്കുക. യോഗത്തില്‍ എ ഡി എം കെ.അംബുജാക്ഷന് അധ്യക്ഷത വഹിച്ചു. ഡി വൈ എസ് പി (അഡ്മിനിസ്ട്രേഷന്) ടി പി പ്രേമരാജന്‍, കാസര്‍കോട് ആര്‍ടിഒ ബാബു ജോണ്‍, വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രതിനിധി പി സുരേന്ദ്രന്, കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടിഒ എസ് ഷീബ, കെ എസ് ആര്‍ടി സി പ്രതിനിധി പി ഗിരീശന്, ബസുടമസ്ഥസംഘം പ്രതിനിധികളായ സി രവി, വി എം ശ്രീപതി, കെ ഗിരീഷ്, പി എ മുഹമ്മദ് കുഞ്ഞി, സത്യന്, വിദ്യാര്‍ത്ഥിസംഘടനാ പ്രതിനിധികളായ പി ജിനുശങ്കര്‍, കെ മഹേഷ്, എം രാഗേഷ്, നോയല്‍ ടോമിന് ജോസഫ്, സി ഐ എ ഹമീദ്, മുഹമ്മദ് റിയാസ് എം എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: