തൃശൂര്‍: കോട്ടപ്പുറം ഓവര്‍ബ്രിഡ്ജിനടുത്ത് ഫുട്പാത്തിലെ സ്ലാബിനിടയിലെ വിടവില്‍ കാല് കുരുങ്ങി പരിക്കേറ്റ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാമോ എന്ന കാര്യം സ്വാഭാവിക നീതിക്കിണങ്ങുംവിധം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.
നഗരത്തിലെ ഫുട്പാത്തുകളുടെയും കാനകളുടെയും അറ്റകുറ്റപണികള്‍ യഥാസമയം ചെയ്യണമെന്നും പദയാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തൃശൂര്‍ നഗരസഭക്ക് നിയമപരമായ ഉത്തരവാദിത്വമുണ്ടെന്നും കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ വ്യക്തമാക്കി.
2016 ഏപ്രില്‍ 9 ന് കാല്‍നടയാത്രക്കിടയില്‍ പരിക്കേറ്റ ചാവക്കാട് അന്നക്കര സ്വദേശി ജോഷി വടക്കന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ചികിത്സക്കായി 75,000 രൂപ ചെലവായതായി പരാതിക്കാരന് തെളിവുസഹിതം കമ്മീഷനെ അറിയിച്ചു.
കമ്മീഷന് നഗരസഭ സെക്രട്ടറിയില്‍ നിന്നും പോലീസില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ഫുട്പാത്തുകളുടെയും കാനകളുടെയും അറ്റകുറ്റപണികള്‍ക്കായി 81,80,000 രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ഇരുവരും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശൂര്‍ നഗരവാസികളുടെ ഇത്തരം പരാതികള്‍ക്ക് പിന്നിലുള്ള യാഥാര്‍ത്ഥ്യം സ്വന്തം നിലയ്ക്ക് അന്വേഷിച്ച് നഗരസഭ ബോധ്യപ്പെടണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: