ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ശിലാസ്ഥാപന അനാച്ഛാദന കര്‍മ്മം ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നിര്‍വ്വഹിക്കുന്നു. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍, സി.കെ. പത്മനാഭന്‍, എച്ച്. രാജ, സുരേഷ് ഗോപി, റിച്ചാഡ് ഹെ, പി.കെ. കൃഷ്ണദാസ് സമീപം.(ഫോട്ടോ: അനില്‍ ഗോപി)
തിരുവനന്തപുരം: സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ശക്തമായ മുന്നറിയിപ്പ്. കേരളത്തിലെ ബിജെപിയെ അക്രമത്തിലൂടെ തകര്‍ക്കാമെന്നത് ഇടതു സംഘടനകളുടെ വ്യാമോഹം മാത്രമാണെന്ന് അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ എത്രത്തോളം ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിടുമോ അത്രയധികം കേരളത്തില്‍ താമര ശക്തി പ്രാപിക്കുമെന്നും ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയത്തിനു തറക്കല്ലിട്ട ശേഷം അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനം പ്രതിസന്ധികള്‍ തരണം ചെയ്താണ് മുന്നേറുന്നത്. പത്ത് അംഗങ്ങളില്‍ തുടങ്ങി 11 കോടി അംഗങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപി വളര്‍ന്നത് പ്രവര്‍ത്തകരുടെ ത്യാഗ മനോഭാവം കൊണ്ടാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
കേരളത്തില്‍ നിരവധി പ്രവര്‍ത്തകര്‍ ജീവത്യാഗം ചെയ്തു. ആദര്‍ശത്തിനായി ജീവിതം ഉഴിഞ്ഞുവച്ചു. വീടും കുടുംബവും ഉപേക്ഷിച്ച് സന്ന്യാസിമാരെപ്പോലെ പ്രവര്‍ത്തിച്ചു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടിട്ടുണ്ട്.

തിരുവനന്തപുരം മണ്ഡലത്തിലെ രാജാജി നഗര്‍ ബൂത്ത് കമ്മിറ്റി യോഗത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുതിര്‍ന്ന വോട്ടര്‍ ഗോമതി അമ്മയെ പൊന്നാടയണിയിച്ച് ആദരിക്കുന്നു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമീപം
ഇപ്പോഴത്തെ സര്‍ക്കാര്‍ വന്ന ശേഷം പതിമ്മൂന്നിലധികം ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകരാണ് നിഷ്ഠുരമായി കൊല്ലപ്പെട്ടതെന്ന് അമിത് ഷാ പറഞ്ഞു. ഇതിലധികവും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ജില്ലയിലുമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലിരിക്കുന്നതു കൊണ്ട് കൊലപാതകികള്‍ക്ക് രക്ഷപ്പെടാമെന്നാണ് കരുതുന്നത്. നിയമപോരാട്ടത്തിലൂടെ കൊലയാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പിക്കാന്‍ ബിജെപി ശ്രമിക്കുമെന്ന് അമിത് ഷാ പറഞ്ഞു. 2019 ഡിസംബറിനുള്ളില്‍ എല്ലാ ജില്ലകളിലും ആധുനിക സൗകര്യങ്ങളോടെയുള്ള കാര്യാലയങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സംഘടനാ സെക്രട്ടറി രാംലാല്‍, ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ്, സെക്രട്ടറി എച്ച്. രാജ, ഒ. രാജഗോപാല്‍ എംഎല്‍എ, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ സി.കെ. പത്മനാഭന്‍, പി.എസ്. ശ്രീധരന്‍പിള്ള, കെ.വി. ശ്രീധരന്‍ മാസ്റ്റര്‍, പി.കെ. കൃഷ്ണദാസ്, കെ. രാമന്‍പിള്ള, മാരാര്‍ജി ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം കെ. അയ്യപ്പന്‍പിള്ള, എംപിമാരായ നളിന്‍കുമാര്‍ കട്ടീല്‍, സുരേഷ്‌ഗോപി, റിച്ചാര്‍ഡ് ഹേ, പദ്ധതികളുടെ സംയോജകന്‍ അരവിന്ദ് മേനോന്‍, സെക്രട്ടറി സി. ശിവന്‍കുട്ടി, മാരാര്‍ജി ട്രസ്റ്റ് ട്രഷറര്‍ എം.എസ്. ശ്യാംകുമാര്‍, ദേശീയ സമിതിയംഗം കരമന ജയന്‍ എന്നിവര്‍ പങ്കെടുത്തു.
















