കോഴിക്കോട്: ജില്ലാഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ ഡി ഡിവിഷന്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ കെഎസ്ഇബിയും സി ഡിവിഷന്‍ വിഭാഗത്തില്‍ കടത്തനാട് യുണൈറ്റഡും ജേതാക്കളായി. ഇന്നലെ ഉച്ചക്ക് നടന്ന ഡി ഡിവിഷന്‍ ഫൈനല്‍ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് നല്ലളം ഫുട്‌ബോള്‍ അക്കാദമിയെ പരാജയപ്പെടുത്തിയാണ് കെഎസ്ഇബി ജേതാക്കളായത്. നിശ്ചിതസമയത്തിനകം ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് ടൈബ്രേക്കറിലാണ് വിജയികളെ കണ്ടെത്തിയത്.
കെഎസ്ഇബിക്ക് വേണ്ടി 30-ാം മിനുട്ടില്‍ മുഹമ്മദ് സിയാസും നല്ലളത്തിന് വേണ്ടി 56ല്‍ റാസിക്കുമാണ് ഗോളുകള്‍ നേടിയത്. വൈകിട്ട് നടന്ന സി ഡിവിഷന്‍ ഫൈനലില്‍ കടത്തനാട് യുണൈറ്റഡ് എഫ്എ ഒരു ഗോളിന് യംഗ് ജംപ്‌സിനെ പരാജയപ്പെടുത്തി.
ഓണ്‍ഗോളാണ് കടത്തനാടിന് വിജയം സമ്മാനിച്ചത്. വിജയികള്‍ക്ക് കെഡിഎഫ്എ വൈസ് പ്രസിഡന്റ് സി. ഉമറും സെക്രട്ടറി പി. ഹരിദാസും ട്രോഫികള്‍ സമ്മാനിച്ചു. സി. കബീര്‍ദാസ്, എം.പി. ഹൈദ്രോസ്, ടി. മോഹന്‍ദാസ്, പി. രാജീവ്‌മേനോന്‍, കെ.പി. മമ്മദ്‌കോയ, പി.സി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
















