കോഴിക്കോട്: മാവൂര്‍ റോഡിലെ എയിംഫില്‍ അക്കാദമിക്ക് മുമ്പില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാരസമരവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യാന്‍ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തില്ല. ഇന്നലെ വൈകിട്ട് മൂന്നിനാണ് കളക്ടര്‍ യോഗം വിളിച്ചിരുന്നത്. എന്നാല്‍ ഉച്ചയ്‌ക്ക് ശേഷം സമരത്തിലുള്ള വിദ്യാര്‍ത്ഥികളെ വിളിച്ച് മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് വരാനാവില്ലെന്നും ചര്‍ച്ച ഇന്ന് രാവിലെ 11ന് നടത്താമെന്നും കളക്ടര്‍ അറിയിക്കുകയായിരുന്നു.
കോഴ്‌സിന് അംഗീകാരമില്ലെന്നും അധികൃതര്‍ തടഞ്ഞുവെച്ച തങ്ങളുടെ സര്‍ട്ടിഫിക്കറ്റും പണവും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ എയിംഫില്‍ അക്കാദമിക്ക് സമീപം നിരാഹാര സമരം ആരംഭിച്ചത്. സമരത്തിന്റെ നാലാം ദിനമായ ഇന്നലെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തി. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എബിവിപിയും സത്യഗ്രഹസമരം ആരംഭിച്ചിട്ടുണ്ട്.
















