നീലേശ്വരം: ദേശീയപാതയോരത്ത് നീലേശ്വരം മാര്‍ക്കറ്റ് ജംക്ഷനിലെ പുതിയ മത്സ്യവില്പന കേന്ദ്രം പൊളിച്ചു നീക്കാനുള്ള നീക്കം പ്രക്ഷോഭത്തിലൂടെയും നിയമപരമായും നേരിടുമെന്നു മത്സ്യത്തൊഴിലാളികള്‍.
ഒരു മാസം മുമ്പാണ് ദേശീയപാതയ്ക്കു വടക്കു ഭാഗത്ത് നീലേശ്വരം റോട്ടറി ക്ലബ് ഇടപെട്ടു നിര്‍മിച്ച സൗകര്യപ്രദമായ ഷെഡിലേക്കു നീലേശ്വരം നഗരസഭ മത്സ്യമാര്‍ക്കറ്റ് മാറ്റിയത്. കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ നാലു തവണ കച്ചവടസ്ഥലം മാറ്റേണ്ടി വന്നവരാണു തങ്ങളെന്നും ഇക്കുറി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണു സ്വകാര്യ വ്യക്തി മാര്‍ക്കറ്റിനെതിരെ ഇടക്കാല വിധി സമ്പാദിച്ചതെന്നും സംഘം ഭാരവാഹികള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മത്സ്യത്തൊഴിലാളികളോട് വിവരങ്ങള്‍ ആരാഞ്ഞു റിപ്പോര്‍ട്ട് നല്കാന് ദേശീയപാത വിഭാഗത്തോട് ഹൈക്കോടതി അവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. വിധിക്കെതിരെ അപ്പീല്‍ പോകും. 24 സ്ത്രീകളും രണ്ടു പുരുഷന്മാരും ഉള്‍പ്പെടെ 26 പേരാണു ഇവിടെ മത്സ്യ വിപണനം നടത്തുന്നത്. ഇതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായത്തോടെ മാര്‍ക്കറ്റ് സംരക്ഷണ സമിതിക്കു രൂപം നല്‍കുമെന്നും നീലേശ്വരം ഹൈവേ മാര്‍ക്കറ്റ് മത്സ്യവിതരണ സംഘം പ്രസിഡന്റ് വി.ദേവകി, സെക്രട്ടറി കെ.എം.തമ്പാന്, ഭാരവാഹികളായ എ.പി.മുസ്തഫ, വി.ദേവകി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: