ചേര്‍ത്തല: മതപരിവര്‍ത്തനം തടയുന്നതിന് നിയമം കൊണ്ടുവരണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നല്‍കി മതംമാറ്റുന്ന ശക്തികള്‍ പിടിമുറുക്കുകയാണ്. നിരവധി പെണ്‍കുട്ടികളാണ് ഇത്തരക്കാരുടെ ചതിയില്‍പ്പെടുന്നത്. ഇതിനെതിരെ ബോധവല്‍കരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.
മതേതരത്വത്തിന്റെ പേരില്‍ നല്‍കിയ പിന്തുണയും സഹകരണവും മറ്റ് മതങ്ങളില്‍ നിന്ന് ലഭിച്ചിട്ടില്ല. മുത്തലാഖ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി പ്രസിഡന്റ് അമിത് ഷായും സ്വീകരിച്ച നിലപാടുകളാണ് മുസ്ലിം ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളില്‍ പോലും ബിജെപിക്ക് കുതിച്ച് ചാട്ടമുണ്ടാക്കിയത്.
നല്ല മാംസം കിട്ടാനുള്ള നിയന്ത്രണം മാത്രമാണ് കശാപ്പ് വിലക്കിലൂടെ കേന്ദ്രം ഏര്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ച നിയമം നേരത്തെ ഉള്ളതാണ്. പ്രായമുള്ള പശുക്കളെ എന്തുചെയ്യണമെന്ന കാര്യത്തിലുള്ള അവ്യക്തത പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തിയത് സംഘടനാപരമായ കാര്യങ്ങള്‍ക്കാണ്. ഇത് ബിജെപിക്ക് ഗുണം ചെയ്യും. ബിഡിജെഎസിന്റെ നേതാക്കള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ക്രിസ്തീയ സഭകളുടെ മേധാവികള്‍ അദ്ദേഹത്തെ കണ്ടതില്‍ ആക്ഷേപമില്ല. എസ്എന്‍ഡിപി യോഗം രാഷ്‌ട്രീയ അഭിപ്രായം പറയുന്നത് സാമൂഹ്യനീതിക്ക് വേണ്ടിയാണ്.
മദ്യഷാപ്പുകള്‍ തുറക്കുന്നത് കൊണ്ട് സുനാമി ഉണ്ടാവില്ല. ഇതിന്റെ പേരില്‍ എതിര്‍പ്പുമായി വരുന്ന മതമേലധ്യക്ഷന്മാര്‍ സംയമനം പാലിക്കണം. മദ്യപിക്കുന്നവരെ പള്ളികളില്‍ നിന്നു വിലക്കാനും നേരെയാക്കാനുമുള്ള നടപടികളാണ് ഇവര്‍ ചെയ്യേണ്ടത്.
അല്ലാതെ ഒരു വ്യവസായത്തെ എതിര്‍ത്ത് രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നത് ശരിയല്ല. കള്ളുഷാപ്പുകള്‍ എല്ലാം തുറന്ന് തൊഴിലാളികള്‍ക്ക് ജീവിക്കുവാനുള്ള അവസരം നല്‍കണം. കള്ള് ദേശീയപാനീയമാണെന്നും മദ്യമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
















