കോഴിക്കോട്: വ്യോമസേനയുടെ സുഖോയ്-30 വിമാനം തകര്‍ന്നുവീണ് മരിച്ച പൈലറ്റ,് ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് എസ്. അച്ചുദേവിന് ജന്മനാട് വിട നല്‍കിയത് കണ്ണീര്‍ നനവോടെ. പന്നിയൂര്‍ക്കുളത്ത് അച്ചുദേവും കുടുംബവും പുതിയ വീട് വെച്ചിട്ട് ഒരു വര്‍ഷമേ ആകുന്നുള്ളൂ. വീടിന്റെ പാലുകാച്ചലിനും അതിനുശേഷം ഒരു തവണയുമാണ് അച്ചുദേവ് പുതിയ വീട്ടില്‍ എത്തിയത്.
ചെറുപ്പം മുതല്‍ യുദ്ധവിമാനത്തിന്റെ പൈലറ്റ് ആകണമെന്ന ആഗ്രഹമായിരുന്നു അച്ചുദേവിന്. തെരഞ്ഞെടുത്ത വഴിയിലൂടെ തന്നെ സഞ്ചരിച്ച് ആഗ്രഹം പൂര്‍ത്തിയാക്കിയാണ് അച്ചുദേവ് യാത്രയായത്. പിതൃസഹോദരി പുത്രന്റെ വിവാഹത്തിനായി നാട്ടിലേക്കു വരാനായി ഇരിക്കവെയാണ് അപകടം.
പുതിയ വീട്ടിലേക്ക് അച്ചുദേവിന്റെ ഭൗതികശരീരം എത്തിച്ചപ്പോള്‍ പ്രകൃതിപോലും തേങ്ങി. സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചപ്പോള്‍, അതുവരെ പ്രകാശം ചൊരിഞ്ഞ സൂര്യന്‍ അല്‍പ്പനേരത്തേക്ക് കാര്‍മേഘങ്ങള്‍ക്കുള്ളില്‍ മറഞ്ഞു. അച്ചുദേവിന് ഔദ്യോഗിക ബഹുമതികള്‍ നല്‍കാന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ നടപടികള്‍ ആരംഭിച്ചതോടെ മഴത്തുള്ളികള്‍ ഭൂമിയിലേക്ക് അടര്‍ന്നു വീണു.
ഓരോ ഉദ്യോഗസ്ഥരായി തങ്ങളുടെ സഹപ്രവര്‍ത്തകന് പുഷ്പങ്ങള്‍ അര്‍പ്പിച്ച് സല്യൂട്ട് നല്‍കി. തുടര്‍ന്ന് അച്ചുദേവിന്റെ ഭൗതികശരീരം അടങ്ങിയ പെട്ടിയുമായി തറവാട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി ഒരുക്കിയ സ്ഥലത്തേക്ക് സൈനിക ഉദ്യോഗസ്ഥര്‍ നീങ്ങി. അച്ഛന്‍ സഹദേവന്‍, അമ്മ ജയശ്രീ, സഹോദരി അനുശ്രീ, സഹോദരീ ഭര്‍ത്താവ് നിര്‍മ്മല്‍, മറ്റു കുടുംബാംഗങ്ങള്‍ എന്നിവര്‍ തൊട്ടുപിന്നാലെയും. ഭൗതികശരീരം അടങ്ങിയ പെട്ടിയുടെ മുകളില്‍ വിരിച്ച ദേശീയ പതാകയും അച്ചുദേവിന്റെ തൊപ്പിയും മെഡലുകളും വ്യോമസേന ഉദ്യോഗസ്ഥന്‍ അന്‍ശുകുമാര്‍ സിംഗ് അച്ഛനും അമ്മയ്‌ക്കും കൈമാറി. നിറകണ്ണുകളോടെ ഇരുവരും അത് ഏറ്റുവാങ്ങി. ആദരസൂചകമായി ഉദ്യോഗസ്ഥര്‍ മൂന്ന് തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തു. കുടുംബാംഗങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് പെട്ടിക്ക് മുകളില്‍ അരിയും പൂവും അര്‍പ്പിച്ചു. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.
ഫ്‌ളൈറ്റ് ലഫ്റ്റനന്റ് സഞ്ജയ് രത്‌നം സ്‌ക്വാഡ്രണ്‍ ലീഡര്‍ ശൈലേന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോയമ്പത്തൂരിലെ സുളൂര്‍ എയര്‍ഫോഴ്‌സ് കേന്ദ്രത്തില്‍ നിന്നെത്തിയ അറുപതംഗ ഉദ്യോഗസ്ഥസംഘമാണ് സമ്പൂര്‍ണ്ണ സൈനിക ബഹുമതികള്‍ അര്‍പ്പിച്ചത്. വിവിധ എയര്‍ഫോഴ്‌സ് അക്കാദമികളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. അച്ചുദേവിനോടുള്ള ആദരസൂചകമായി ബിജെപി പന്തീരാങ്കാവില്‍ ഹര്‍ത്താലാചരിച്ചു.
തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വായുസേനാ വിമാനത്തിലാണ് ഇന്നലെ രാവിലെ ഭൗതികശരീരം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. അച്ഛന്‍ സഹദേവന്‍, അമ്മ ജയശ്രീ, സഹോദരി അനുശ്രീ, സഹോദരീഭര്‍ത്താവ് നിര്‍മ്മല്‍, എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സൈനിക വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഭൗതിക ശരീരം പന്തീരാങ്കാവിലെ വീട്ടുവളപ്പില്‍ എത്തിച്ചത്.

















