ആലുവ: കൊച്ചി മെട്രോ ട്രെയിനിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ സന്ദര്‍ശനം വിവാദത്തില്‍. പ്രതിപക്ഷ കക്ഷികളെയും സ്ഥലം എംഎല്‍എയെയും അറിയിക്കാതെ മെട്രോയുടെ സോളാര്‍ പദ്ധതി ഉദ്ഘാടനം ചെയ്യാനുള്ള ശ്രമമാണ് പാളിയത്. പ്രതിഷേധത്തെ തുടര്‍ന്ന് സോളാര്‍ പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കാതെ മുഖ്യമന്ത്രി മടങ്ങി.
സ്ഥലം എം.എല്‍.എ.അന്‍വര്‍ സാദത്തിനെ പരിപാടിക്ക് ക്ഷണിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തില്‍ ദേശീയ പാത ഉപരോധിച്ചു. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ മെട്രോ ആലുവ സ്‌റ്റേഷനില്‍ നിശ്ചയിച്ചിരുന്ന സോളാര്‍ പാനലുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മമാണ് മാറ്റിയത്.
ദേശീയ പാത ഉപരോധിച്ചവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഇതിനിടെ മുഖ്യ മന്ത്രി പാലാരിവട്ടം മുതല്‍ ആലുവ വരെ മെട്രോ ട്രെയിനില്‍ യാത്ര നടത്തി. മുട്ടം യാര്‍ഡ് സന്ദര്‍ശിക്കുകയും ചെയ്തു. ആലുവ സ്‌റ്റേഷനിലെത്തിയ മുഖ്യമന്ത്രി വിവാദ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല.
പൊതുപരിപാടിയല്ലായിരുന്നുവെന്നും മെട്രോയുടെ സൗകര്യങ്ങള്‍ ഉദ്ഘാടനത്തിന് മുമ്പ് വിലയിരുത്താനാണ് മുഖ്യമന്ത്രി വന്നതെന്നും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. ഉദ്ഘാടനം മാറ്റിവച്ചത് സ്വാഗതം ചെയ്യുന്നതായി ആലുവ എം.എല്‍.എ.അന്‍വര്‍ സാദത്ത് അറിയിച്ചു.
ഈ മാസം 17ന് പ്രധാനമന്ത്രി മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ വരവ്. പ്രധാനമന്ത്രിയെ ഒഴിവാക്കി മെട്രോയുടെ ഉദ്ഘാടനം നടത്താന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. പ്രതിഷേധമുയര്‍ന്നപ്പോഴാണ് പ്രധാനമന്ത്രി വന്നിട്ടേ ഉദ്ഘാടനമുള്ളൂവെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
















