പത്തനംതിട്ട: നിര്‍മാണത്തിലിരിക്കുന്ന കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ ഒന്നാം നിലയില്‍ രണ്ട് മള്‍ട്ടി പ്ലക്സ് നിര്‍മിക്കാന്‍ ചലച്ചിത്ര വികസന കോര്പ്പറേഷന് അനുമതി തേടിയിട്ടുണ്ടെന്ന് വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു. ഇവിടെ കടമുറികള്‍ക്കുള്ള ലേലം ആരംഭിച്ചു കഴിച്ചു. സിവില്‍ ജോലികള്‍ പൂര്‍ത്തിയായി. ഇനി കട ലേലം കൊള്ളുന്നവര്‍ തീര്‍ക്കേണ്ടതാണ്. മണ്ഡലകാലത്തിന് മുന്‍പ് സമുച്ചയം ഉദ്ഘാടനം ചെയ്യാനാണ് ശ്രമിക്കുന്നത്. ഇടക്കാലത്ത് നിര്‍മാണം ഇഴയുകയായിരുന്നു. കരാറുകാരന് മൂന്നു ബില്‍ നല്‍കാനുണ്ടായിരുന്നു. 1.33 കോടി കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന് മുന്‍പ് നല്കി. ഇതിന് ശേഷമാണ് പണി പുരോഗമിച്ചത്. ജില്ലാ ആസ്ഥാനങ്ങളില്‍ മള്‍ട്ടിപ്ലക്സ് നിര്‍മിക്കാന്‍ ചലച്ചിത്രവികസന കോര്പ്പറേഷന് സ്ഥലം തേടിയിരുന്നു. ഇതിന്റെ ഭാഗമായി നഗരസഭയെയും സമീപിച്ചിരുന്നു. ടൗണില്‍ സ്ഥലം കിട്ടാതെ വന്നതോടെയാണ് മള്‍ട്ടി പ്ലക്സിന് വേണ്ടി കെ.എസ്.ആര്.ടി.സിയെ സമീപിച്ചത്. സ്ഥലം കൊടുക്കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്.
കോഴഞ്ചേരിയില്‍ പുതിയ പാലം നിര്‍മിക്കുന്നതിന് കിഫ്ബി അനുമതിയായിട്ടുണ്ട്. ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചു കഴിഞ്ഞു ഉടന്‍ തന്നെ ടെന്‍ഡര്‍ നടപടി തുടങ്ങും. ഇലവുംതിട്ടയില്‍ പോലീസ് സ്റ്റേഷന് ആരംഭിക്കുന്നതിനുള്ള നടപടിയും തുടങ്ങി. മൂന്നു വീടുകള്‍ ഇതിനായി കണ്ടു. അതില്‍ ഒരെണ്ണം ആഭ്യന്തര വകുപ്പ് അനുയോജ്യമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇവിടെയാകും സ്റ്റേഷന് ആരംഭിക്കുക. പോലീസ് സ്റ്റേഷന് സ്ഥിരം കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലം മെഴുവേലി പഞ്ചായത്ത് കണ്ടെത്തി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
ഓമല്ലൂര്‍ ഗവ. ഹൈസ്കൂളില്‍ പുതിയ കെട്ടിടം നിര്‍മിച്ചതില്‍ അഴിമതിയാരോപണം ഉയര്‍ന്നിട്ടുണ്ട്. 65 ലക്ഷം രൂപ മുടക്കി നിര്‍മിച്ച കെട്ടിടത്തിന്റെ ഒന്നാം നില പൂര്‍ണമായിട്ടില്ല. ഇതിലെ ക്രമക്കേട് കണ്ടെത്തിയതിനാല്‍ നിര്‍മാണത്തിന് പണം അനുവദിക്കാന്‍ കഴിയില്ലെന്നും വീണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: