വനിതാകമ്മീഷന്‍ അംഗം ഡോ.ജെ പ്രമീളാദേവി കോലാനി ഗോകുലം ബാലഭവനില്‍ കുട്ടിയെ സന്ദര്‍ശിക്കുന്നു
തൊടുപുഴ: വീട്ടില്‍ നിന്നും പണം മോഷ്ടിച്ചെന്നാരോപിച്ച് ഒമ്പതുകാരനെ പൊള്ളിച്ച സംഭവത്തില്‍ അച്ഛനേയും അമ്മയേയും റിമാന്‍ഡ് ചെയ്തു. തൊടുപുഴ കുമാരമംഗലത്തിന് സമീപം ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
ബാഗില്‍ നിന്നും പണം എടുത്തതിന് അമ്മ തീക്കൊള്ളി കൊണ്ട് കുരുന്നിനെ പൊള്ളിക്കുകയായിരുന്നു. മുഖം പൊള്ളിയിരിക്കുന്നത് കണ്ട അയല്‍വാസി നടത്തിയ ഇടപെടലിലാണ് സംഭവം പുറംലോകം അറിയുന്നത്. വ്യാഴാഴ്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരമാണ് ഇരുവര്‍ക്കും എതിരെ കേസ് എടുത്തിരിക്കുന്നത്. ഇന്നലെ സ്ഥലത്തെത്തിയ വനിത കമ്മീഷന്‍ അംഗം ഡോ.ജെ പ്രമീളാദേവി അമ്മയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഇത്തരം ഒരു നടപടിയെന്നാണ് അമ്മയുടെ വാദം.
അതേസമയം ഇവരുടെ രണ്ടു മക്കളുടെയും സംരക്ഷണ ചുമതല താല്‍ക്കാലികമായി കോലാനിയില്‍ പ്രവര്‍ത്തിക്കുന്ന ഗോകുലം ബാലഭവന്‍ അധികൃതര്‍ ഏറ്റെടുത്തു. മൂന്ന് മണിയോടെ ബാലഭവനില്‍ എത്തിയ കുട്ടിയെ ഡോ.ജെ പ്രമീളാദേവി സന്ദര്‍ശിച്ച് മൊഴിയെടുത്തു.
















