കൊച്ചി: ഈ കുടകള്‍ക്ക് വിലയുണ്ട്. പക്ഷേ ഇവ നിര്‍മിച്ചത് യന്ത്രവല്‍കൃത ഫാക്ടറികളിലല്ല. വില്പനയ്‌ക്കായി പരസ്യവുമില്ല. എന്നാലും ഇതിന്റെ നിര്‍മാതാക്കളെ തേടി ആവശ്യക്കാരെത്തുന്നു.
ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഒരു കൂട്ടം മനുഷ്യരുടെ അദ്ധ്വാനമാണ് ഈ നിര്‍മാണത്തിന് പിന്നില്‍. വീട്ടിലെ കട്ടിലും, വീല്‍ചെയറുമൊക്കെയാണ് ഇവരുടെ നിര്‍മാണ കേന്ദ്രങ്ങള്‍. കുടകള്‍ക്ക് വില കുറവാണെങ്കിലും കാരുണ്യം അധികമായുണ്ട്. ഈ കാരുണ്യം തിരിച്ചറിഞ്ഞതോടെ ഇന്ന് വിദേശത്ത് നിന്ന് വരെ കുടകള്‍ക്ക് ആവശ്യക്കാരുണ്ട്. വേനലവധിയിലെ കളിചിരികള്‍ക്ക് ശേഷം ഇടവപ്പാതിയില്‍ തിമിര്‍ത്ത് പെയ്യുന്ന സ്‌കൂള്‍ ദിനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടായും ഇവരുടെ കുടകളുമുണ്ട്.
ഈ സ്‌നേഹക്കുടകള്‍ക്ക് പിന്നില്‍ ജന്മനാ ശരീരം തളര്‍ന്നവരും, അപകടങ്ങള്‍ തളര്‍ത്തിയവരും, ഭിന്നശേഷിക്കാരും അടങ്ങുന്ന ഒരു സംഘമാണുള്ളത്. ആധുനിക സംവിധാനങ്ങളുടെ അഭാവത്തിലും ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ടാണവര്‍ കുടകള്‍ തുന്നിയെടുത്തത്. സ്‌കൂള്‍ തുറക്കുന്ന വേളയില്‍ ആദ്യഘട്ടത്തില്‍ 300 ഓളം കുടകളാണ് വിപണിയിലെത്തിച്ചത്. അടുത്ത അധ്യയന വര്‍ഷം കുടയ്‌ക്ക് പുറമേ സ്‌കൂള്‍ ബാഗ്, ലഞ്ച് ബോക്‌സ്, നോട്ട് ബുക്കുകള്‍ എന്നിവയും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. വര്‍ഷങ്ങളായി ഈ രംഗത്ത് ചെറിയ രീതിയില്‍ പരീക്ഷണം നടത്തുന്നവരെ ഒരുമിപ്പിച്ചത് ‘ഹാന്‍ഡിക്രോപ്‌സ്’ എന്ന ഫേസ്ബുക്ക് കൂട്ടായ്‌മയാണ്. കൂട്ടായ്‌മ വന്നതിന് ശേഷമാണ് വില്‍പ്പനയില്‍ പുരോഗതിയുണ്ടായത്.
നിലവില്‍ 100ന് മുകളില്‍ ഭിന്നശേഷിക്കാരാണ് കൂട്ടായ്‌മയിലുള്ളത്. ഇതില്‍ 30 ഓളം പേരാണ് കുടയുടെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. മരത്തില്‍ നിന്ന് വീണ് വീല്‍ചെയറില്‍ ജീവിക്കുന്ന മലപ്പുറം സ്വദേശി മുസ്തഫ പറമ്പനാണ് കുട്ടികള്‍ക്കായുള്ള കുടകള്‍ അധികവും നിര്‍മിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ കുടകള്‍ക്ക് വിപണയില്‍ 300 മുതല്‍ 700 രൂപ വരെ വിലയുള്ളപ്പോള്‍ ഇവരുടെ കുടകളുടെ വില 200 മുതല്‍ 280 വരെയാണ്. കുടയ്‌ക്ക് പുറമേ മാല, വള, സോപ്പ്, അച്ചാര്‍, കൗതുകവസ്തുക്കള്‍ തുടങ്ങിയവയും തയ്യാറാക്കുന്നവരുണ്ട്. ആവശ്യക്കാര്‍ ഏറിയതോടെ ംംം.്ശസെമൃ.േരീാ എന്ന വൈബ്‌സൈറ്റ് വഴിയും വില്‍പ്പനയുണ്ട്. എല്ലാ ജില്ലകളിലും കുറഞ്ഞത് 10 ഭിന്നശേഷിക്കാര്‍ കൂട്ടായ്‌മയുമായി സഹകരിക്കുന്നുണ്ട്. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്.
മറ്റ് ജില്ലകളിലും രജിസ്‌ട്രേഷനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിര്‍മാണ മികവുകള്‍ പുറം ലോകത്തെ അറിയിക്കാനായി അഞ്ച് മാസം മുമ്പ് ആരംഭിച്ച ‘ഹാന്‍ഡിക്രോപ്‌സ്’ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഇതിനകം 16,701 അംഗങ്ങളാണുള്ളത്. കോട്ടയം ബിസിഎം കോളേജിലെ വിദ്യാര്‍ഥികള്‍ കുട നിര്‍മാണത്തില്‍ പരിശീലനം നേടിയ ശേഷം മറ്റ് സ്ഥലങ്ങളില്‍ പോയി പഠിപ്പിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. എസ് ഉണ്ണികൃഷ്ണന്‍ നായര്‍, നന്ദന്‍, സൂരജ് കൊടുങ്ങല്ലൂര്‍, ബിനൂപ് ഭാസ്‌കര്‍, ലേഖ എസ് കുമാര്‍, മനോജ് പിള്ള എന്നിവരാണ് കൂട്ടായ്‌മയ്‌ക്ക് നേതൃത്വം നല്‍കുന്നത്.
















