പൂക്കോട്ടുംപാടം: വില്ല്വത്ത് ശിവക്ഷേത്രം ആക്രമിച്ച് വിഗ്രങ്ങള്‍ തകര്‍ന്ന കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരിക, സമഗ്രമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യമുന്നയിച്ച് ഭക്തജനങ്ങള്‍ പ്രതിഷേധസംഗമം നടത്തി.
ആയിരങ്ങള്‍ അണിനിരന്ന പ്രകടനത്തിന് ശേഷം പൂക്കോട്ടുംപാടം നഗരത്തില്‍ പൊതുയോഗം ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ആരാധാനലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണ കേസുകളില്‍ അന്വേഷണം നടത്തിയെന്ന് വരുത്തി തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ടീച്ചര്‍ പറഞ്ഞു. വില്ല്വത്ത് ക്ഷേത്രത്തിലെ ആക്രമണത്തില്‍ ദുരൂഹത തുടരുകയാണ്. ഭക്തജനങ്ങളുടെ സംശയവും ആശങ്കയും തീര്‍ക്കേണ്ട ബാധ്യത പോലീസിനാണ്. ജില്ലയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലും സ്വീകരിക്കണം, ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍.എം.കദംബന്‍ നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായി. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.വി.രാമന്‍കുട്ടി, പി.ദിനേശന്, വിഎച്ച്പി ജില്ലാ സെക്രട്ടറി ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: