അടൂര്‍: പള്ളിക്കലാറിന്റെ നവീകരണത്തിന്റെ ഭാഗമായി അടൂര്‍ വലിയതോടിന്റെ ശുചീകരണം നടത്തുന്നതോടൊപ്പം മറ്റൊരു പ്രധാന കൈവഴിയായ തോട്ടുവാ തോടിന്റെയും കയ്യേറ്റമൊഴിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കണമെന്ന് ആവശ്യം ഉയരുന്നു. ഒന്നാംഘട്ടത്തില്‍ വലിയതോടിന്റെ ഏഴംകുളം മുതല്‍ ചെറുകുന്നം വരെയുള്ള ഭാഗമാണ് നവീകരിക്കപ്പെട്ടത്.
തോട്ടുവാതോട് പത്ത് കിലോമീറ്ററോളം പള്ളിക്കല്‍ പഞ്ചായത്തിലൂടെ മാത്രമാണ് ഒഴുകുന്നത്. ഉത്ഭവ സ്ഥാനത്തു നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരം ആലപ്പുഴ ജില്ലയിലെ പാലമേല്‍ പഞ്ചായത്തിലൂടെയും തോട് ഒഴുകുന്നു. തെങ്ങമം രണ്ടുകണ്ണിക്കലില് അടൂര്‍ വലിയതോട്ടില്‍ തോട്ടുവാതോട് ചേരുന്നു. ഇവിട നിന്നാണ് പള്ളിക്കലാറായി ഒഴുകി തുടങ്ങുന്നത്. തോട്ടുവാ തോടിന് പണ്ട് ഇരുപത് മീറ്റര്‍ വീതിയാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ പലയിടത്തും ഏഴു മീറ്ററില്‍ താഴെയാണ് വീതി. 95ല്‍ സര്‍ക്കാര്‍ നടപ്പാക്കിയ ജലധാര എന്ന പദ്ധതി ഫലത്തില്‍ തോട് കയ്യേറ്റക്കാര്‍ക്ക് സഹായകമായി. അളന്ന് തിട്ടപ്പെടുത്താതെ കൈവശപ്പെടുത്തിയ ഭൂമിയടക്കം അതിര് കെട്ടി സംരക്ഷിക്കുകയായിരുന്നു.
പള്ളിക്കല്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ പ്രധാന ജലസ്രോതസാണ് തോട്ടുവാ തോട്. കൈയേറിയവര്‍ക്ക് സര്‍ക്കാര്‍തന്നെ അതിര് കെട്ടി കൊടുത്തതോടെ അവര്‍ തോട്ടിലേക്ക് ആരും ഇറങ്ങാന്‍ പറ്റാത്ത വിധം വേലിയും സ്ഥാപിച്ചു. ഇതോടെ കാലങ്ങളായി നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന കുളിക്കടവുകള്‍ ഇല്ലാതായി. മേക്കുന്നുമുകള്‍ തെങ്ങമം റോഡിന് സമാന്തരമായിട്ടാണ് ആറ് കിലോമീറ്ററുകളോളം കടന്നുപോകുന്നത്. ഈ ഭാഗംമുഴുവന്‍ റോഡിന് സമാന്തരമായി മണ്ണിട്ട് നികത്തിയാണ് തോടിന്റെ കൈയേറിയ ഭാഗം കൂടി സ്വന്തം പുരയിടത്തോട് ചേര്‍ത്തത്. പള്ളിക്കലാറിന്റെ സംരക്ഷണവുമായി ബന്ധപെട്ട തീരുമാനം വരുന്നതിന് മുന്‍പ് തന്നെ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തോട്ടുവാ തോടിന്റെ സംരക്ഷണത്തിന് തൊഴിലുറപ്പ് പദ്ധതിപ്രകാരം 25 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു.
സര്‍ക്കാര്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ ഇനി സര്‍ക്കാരിന്റെ നിര്‍ദേശംകൂടി പരിഗണിച്ച് മുന്നോട്ട് പോകാനാണ് പഞ്ചായത്തിന്റെ തീരുമാനം. പള്ളിക്കലാറ്റിലേക്ക് ഒഴുകിയെത്തുന്ന അറുപതോളം ചെറുതോടുകളും കയ്യേറ്റ ഭീഷണിയിലാണ്. ഇവയില്‍ പലതും വിസ്മൃതിയിലായ അവസ്ഥയിലാണ്. ആറ്റിലെ നീരൊഴുക്ക് നിലനിര്‍ത്തുന്നതില്‍ ഈ ചെറുതോടുകള്‍ വലിയ പങ്കാണ് വഹിച്ചിരുന്നത്.
പള്ളിക്കലാറിന്റെ മൊത്തത്തിലുള്ള പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുമ്പോള്‍ ചെറുതോടുകളുടെ നവീകരണം കൂടി സാധ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൈതക്കവയല് ഏലാതോട്, ചെറുകുന്നം ഏലാതോട്, അമ്മകണ്ടകര തോട്, കൊറ്റകോട് തോട്, അപ്പാച്ചിതോട്, മുളമൂട്ടില്തോട്, കുഴിനാല്തോട്, കുളമാടിക്കല് തോട്, മാടക്കല്തോട്, തെങ്ങുംതാര പറന്തല്തോട് എന്നിങ്ങനെ നിരവധി തോടുകളാണ് പള്ളിക്കലാറ്റിലേക്ക് ഒഴുകിയെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: