കാസര്‍കോട്: ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ മറവില്‍ അനധികൃത പണപ്പിരിവ് വ്യാപകം. നിലവില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 100 രൂപയില്‍ കൂടുതല്‍ പ്രവേശന സമയത്ത് സംഭാവനയായി കുട്ടികളില്‍ നിന്ന് വാങ്ങിക്കരുതെന്ന് ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് വന്‍ തോതില്‍ പണപ്പിരിവ് നടക്കുന്നത്.
സര്‍ക്കാര്‍ സ്കൂളുകളിലെ ഇംഗ്ലീഷ് മീഡിയത്തില്‍ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് അയ്യായിരവും അതിലധികവും വാങ്ങുന്ന സ്ഥാപനങ്ങളുണ്ട് ജില്ലയില്‍. ഒന്നിലധികം കുട്ടികള്‍ ഒരു വീട്ടില്‍ നിന്ന് വരുന്നുവെങ്കില്‍ പ്രവേശന സമയത്ത് രണ്ട് കുട്ടികളുടെ പേരിലും സംഭാവന വാങ്ങുന്നതായി പരാതിയുണ്ട്.
സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനും മറ്റുമാണ് ഇംഗ്ലീഷ് മീഡിയം തുടങ്ങാനുള്ള അനുവാദം സര്‍ക്കാര്‍ നല്‍കിയത്. എല്‍കെജി, യുകെജി ക്ലാസ്സുകള്‍ കൂടി അനുബന്ധമായി സര്‍ക്കാര്‍ അനുമതിയോടെ വിദ്യാലയങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ അവിടെ പഠിപ്പിക്കുന്നവരുടെ ശബളം പിടിഎയും സ്കൂള്‍ അധികൃതരും ചേര്‍ന്ന് സംഭാവനകളിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ചാണ് നല്‍കുന്നത്.
പക്ഷെ ഒന്നാം ക്ലാസ്സുമുതല്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്നവരുടെ ശബളവും മറ്റും വഹിക്കുന്നത് സര്‍ക്കാറാണെന്ന് അധ്യാപകര്‍ തന്നെ പറയുന്നു. അടച്ചു പൂട്ടല്‍ ഭീഷണിയില്‍ നിന്ന് സ്കൂളുകളെ രക്ഷിക്കാനും പാവപ്പെട്ടവരുടെ മക്കള്‍ക്കും ഇംഗ്ലീഷ് മീഡിയമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുമാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ ഇത്തരത്തില്‍ ക്ലാസ്സുകള്‍ നടത്താന്‍ അനുവാദം നല്‍കിയത്. എന്നാല്‍ ഇംഗ്ലീഷ് മീഡിയത്തിന്റെ മറവില്‍ പാവപ്പെട്ട് രക്ഷിതാക്കളുടെ കീശകാലിയാക്കുകയാണ് പല സര്‍ക്കാര്‍ സ്കൂളുകളും ചെയ്യുന്നതെന്ന പരാതി വ്യാപകമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: