കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നിന്ന് മലയോര മേഖലയിലേക്കുള്ള യാത്ര ദുരിതമാകുന്നു. ഒടയംചാല്‍ വഴി കൊന്നക്കാട് ചിറ്റാരിക്കല്‍ ഭാഗത്തേക്കുള്ള യാത്രയാണ് ദുരിതപൂര്‍ണമായിരിക്കുന്നത്. കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടില്‍ യഥേഷ്ടം ബസ്സുകള്‍ ഓടുമ്പോള്‍ ഈ റൂട്ടില്‍ വൈകുന്നേരം 6.45 കഴിഞ്ഞാല്‍ ഒറ്റബസ് പോലുമില്ല. ഇതുവഴിയുള്ള കെഎസ്ആര്‍ടിസി ബസ്സുകളും ഓട്ടം നിര്‍ത്തിയതാണ് യാത്രക്കാര്‍ക്ക് ദുരിതമായത്.
രാത്രി 7.30 ന് കാഞ്ഞങ്ങാട്ടു നിന്നും പുറപ്പെട്ടിരുന്ന ബസ് തീവണ്ടിയിലും മറ്റും യാത്ര ചെയ്തെത്തുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു. മംഗലാപുരം, കണ്ണൂര്‍, കോഴിക്കോട് ആശുപത്രികളില്‍ പോയി തിരിച്ചെത്തുന്നത് മലബാര്‍ എക്പ്രസ്, പരശുരാം എക്പ്രസ് തീവണ്ടികളിലോ ആയിരിക്കും. വണ്ടികള്‍ 7 മണിക്ക് ശേഷമാണ് കാഞ്ഞങ്ങാടെത്തുന്നത്. ഈ സമയങ്ങളില്‍ ബസ് സര്‍വ്വീസ് ഇല്ലാത്തത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുണ്ട്.
യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഏഴ് മണിക്ക് ശേഷമുള്ള കെഎസ്ആര്‍ടിസി ബസിന്റെ ഇതുവഴിയുള്ള സര്‍വ്വീസ് പുന:സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. 6.45 ന് ഓടുന്ന കെഎസ്ആര്‍ടിസി യാണെങ്കില്‍ കാര്യക്ഷമമല്ല. അറ്റക്കുറ്റ പണികള്‍ക്കായി സര്‍വ്വീസ് നിര്ത്തുവെക്കുന്നതും പതിവാണ്.
കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് സമയത്തിന് പുറപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ ബസ്റ്റാന്റില്‍ കയറാതെ പോകുന്നതും രാത്രികാല യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. രാത്രികാലങ്ങളില്‍ കാഞ്ഞങ്ങാടെത്തിപ്പെട്ടാല് ഇരുട്ടില്‍ തപ്പേണ്ട അവസ്ഥയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: