കാഞ്ഞങ്ങാട്: കാസര്‍കോട് കണ്ണൂര്‍ റൂട്ടില്‍ രാത്രിയില്‍ യാത്രാക്ലേശം രൂക്ഷമാകുന്നു. രാത്രികാലങ്ങളില്‍ ദേശീയപാതയിലും ചന്ദ്രഗിരി റൂട്ടില്കൂടിയും ബസ് സര്‍വ്വീസ് ഇല്ലാത്തതാണ് യാത്ര ദുരിതത്തിന് കാരണമാകുന്നത്. രാത്രി ഒമ്പതിനു ശേഷം ദേശീയ പാത വഴി ബസ് സര്വീസുണ്ടാകാറില്ല. രാത്രി 7.30നു ശേഷം ദേശീയപാതയിലൂടെ സ്വകാര്യബസുകളും കെഎസ്ആര്‍ടിസി യും സര്‍വ്വീസ് നടത്താറില്ല. ലാഭകരമല്ലെന്ന വാദത്തിലാണ് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്താതിരിക്കുന്നത്. സംസ്ഥാന പാതയായ ചന്ദ്രഗിരിപാലത്തിലൂടെ ദേളി വഴി 9.20ന് ബസ് പോയിക്കഴിഞ്ഞാല്‍ പിന്നെ അതുവഴി സര്‍വ്വീസ് ഇല്ല.
വൈകുന്നേരം ആറു കഴിഞ്ഞാല്‍ ഏറെനേരം കാത്തുനിന്നാല്‍ മാത്രമേ ദേശീയപാത വഴി ബസ് കിട്ടൂ. ഈ സമയത്തെ കെസ്ആര്‍ടിസി ബസുകളാണെങ്കില്‍ യാതൊരു സമയക്രമവും പാലിക്കാറില്ല. കാസര്‍കോട്ടു നിന്ന് കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ ഇറങ്ങി മലയോര പ്രദേശത്തേക്കു പോകേണ്ട യാത്രക്കാരാണ് ഇതുമൂലം കൂടുതല്‍ ദുരിതമനുഭവിക്കുന്നത്.
ഈ റൂട്ടിലേയ്ക്കുള്ള മൂന്നു ബസുകള്‍ വരെ ഒരേ സമയം ഡിപ്പോയില്‍ പ്രവേശിക്കുകയും ഏതാണ്ട് ഒരേസമയത്തു തന്നെ പുറപ്പെടുകയും ചെയ്യുന്നതും പതിവാണ്. ഇതു യാത്രക്കാര്‍ക്കു യാതൊരു പ്രയോജനവും ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല കെഎസ്ആര്‍ടിസിക്കു വലിയ സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നു. ബസ് എപ്പോള്‍ വരുമെന്നു ചോദിച്ചാല്‍ കൈമലര്‍ത്തുകയാണ് ഉത്തരവാദത്തപ്പെട്ടവര്‍ ചെയ്യുക.
ഓരോ പത്ത് മിനുട്ട് ഇടവിട്ടും ഈ റൂട്ടില്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കുമെന്ന ബോര്‍ഡ് കാസര്‍കോട് സബ്ഡിപ്പോയില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു മണിക്കൂര്‍ വരെ ബസിനായി കാത്തിരിക്കേണ്ട അവസ്ഥ നിരവധി തവണ സ്ഥിരം യാത്രക്കാര്‍ക്ക് ഉണ്ടായിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്തു വീട്ടിലേയ്ക്കു മടങ്ങാനൊരുങ്ങുന്ന സ്ത്രീകള്‍ക്കാണ് ഇതുമൂലം ദുരിതം ഏറെ അനുഭവിക്കേണ്ടി വരുന്നത്.
കാസര്‍കോട് ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന ഒമ്പതിനുള്ള കോഴിക്കോട് എയര്‍പോര്‍ട്ട് ബസാണ് രാത്രിയിലെ അവസാനത്തെ സര്‍വീസ്. ചെര്‍ക്കള, ചട്ടഞ്ചാല്‍, പൊയിനാച്ചി, പെരിയ, മാവുങ്കാല്‍, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കു പോകേണ്ട യാത്രക്കാര്‍ ബസില്ലാതെ കാസര്‍കോട്ടു കാത്തുനിന്നു വലയുന്ന കാഴ്ച നിത്യസംഭവമാണ്. രാത്രി ഒമ്പതിന് ശേഷം ദേശീയപാത വഴി ബസുള്ളതു പുലര്‍ച്ചെ 1.20നു കൊട്ടാക്കര സൂപ്പര്‍ എക്സ്പ്രസാണ്. തിരുവനന്തപുരത്തേക്ക് ഇപ്പോള്‍ സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും നിശ്ചിത സ്ഥലങ്ങളില്‍ മാത്രം സ്റ്റോപ്പ് അനുവദിച്ചതിനാല്‍ ദൂരയാത്രക്കാര്‍ക്ക് മാത്രമേ പ്രയോജമപ്പെടുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: