കാസര്‍കോട്: ജില്ലയില്‍ രാത്രികാല യാത്രാ ക്ലേശം രൂക്ഷമാകുന്നു. കൃത്യമായി സര്‍വ്വീസ്സുകള്‍ നടത്താത് മൂലമുണ്ടായ നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം നിരത്തി കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും രാത്രികാല സര്‍വ്വീസുകള്‍ നിര്‍ത്തിയതാണ് യാത്രാ ദുരിതത്തിന് കാരണമായത്. മംഗലാപുരത്തു നിന്നും കണ്ണൂരില്‍ നിന്നും മറ്റും പഠനം കഴിഞ്ഞ് സന്ധ്യാസമയങ്ങളില്‍ ട്രെയിനുകളില്‍ കാസര്‍കോടെത്തുന്ന വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ ജീവനക്കാരെയുമാണ് ഇത് ഏറെ ബാധിക്കുന്നത്.
കാസര്‍കോട് കെസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് രാത്രി 9 മണിക്ക് എയര്‍പോര്‍ട്ട് ബസ്സ് പുറപ്പെട്ടാല്‍ പിന്നെയുള്ളത് രാത്രി 1.20 മണിക്കുള്ള കൊട്ടാക്കര സൂപ്പര്‍ എക്സ്പ്രസാണ്. ഇത് കഴിഞ്ഞാല്‍ പിന്നെ രാവിലെയെ കാസര്‍കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് ബസ്സ് സര്വ്വിസുള്ളു. സ്വകാര്യ ബസ്സുകളാകട്ടെ സന്ധ്യയോടെ സര്‍വ്വിസ് അവസാനിപ്പിക്കുന്നതും യാത്രാ ദുരിതത്തിന് പ്രധാന കാരണമാണ്.
കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ബദിയടുക്ക, മുള്ളേരിയ തുടങ്ങിയ നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ഉള്‍പ്രദേശങ്ങളിലേക്ക് പോകണമെങ്കില്‍ അമിത ചാര്‍ജ്ജ് നല്കി ടാക്സികളെ ആശ്രയിക്കേണ്ടി വരുന്നു. പല ബസ്സുകളും മുന്നറിയിപ്പില്ലാതെ സര്‍വവീസുകള്‍ മുടക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു.
കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വ്വീസുകളാകട്ടെ പലതും മിനുട്ടുകളുടെ വ്യത്യാസത്തിലാണ് ഒരേ റൂട്ടുകളിലൂടെ കടന്ന് പോകുന്നത്. മലയോരമേഖലയില്‍ നിന്ന് പുലര്‍ച്ചെ നഗരത്തിലെത്തി മംഗലാപുരമുള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്ക് പഠനത്തിനും ജോലിക്കും മറ്റും പോകുന്നവര്‍ക്ക് ബസ്സ് സര്വ്വിസുകളില്ലാത്തത് വലിയ ദുരിതമാകുന്നു. പുലര്‍ച്ചെ നഗരത്തിലെത്താന്‍ കഴിയാത്തതിനാല്‍ പലരും ഹോസ്റ്റലുകളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: