തൊടുപുഴ: പുതിയ അധ്യായന വര്‍ഷം തുടങ്ങാനിരിക്കെ മുന്‍കരുതലിനൊപ്പം നിര്‍ദ്ദേശങ്ങളുമായി പോലീസ് രംഗത്ത്. കുട്ടികള്‍ സ്‌കൂളുകളില്‍ വാഹനത്തിലും കാല്‍നടയുമായി പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിയാണ് തൊടുപുഴ പോലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റും രക്ഷിതാക്കളും വാഹന ഡ്രൈവര്‍മാരും നിയമങ്ങള്‍ പാലിക്കുന്നതിന് വേണ്ട ശ്രദ്ധചെലുത്തണമെന്നും പത്രക്കുറുപ്പില്‍ പറയുന്നു. പ്രധാനമായും പറയുന്നത് ഇവയെല്ലാമാണ്.
ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. മദ്യപിച്ചോ അലക്ഷ്യമായോ വാഹനം ഓടിച്ച് ശിക്ഷിക്കപ്പെട്ടവരാകരുത്. 40 കിലോമീറ്റര്‍ പെര്‍ മണിക്കൂറില്‍ സെറ്റ് ചെയ്തുള്ള സ്പീഡ് ഗവര്‍ണറുകള്‍ സ്ഥാപിച്ചിരിക്കണം. കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും സഹായി വാഹനത്തില്‍ ഉണ്ടായിരിക്കണം. യാത്രക്കാരുടെ എണ്ണം, എല്ലാ കതകിനും ഷട്ടര്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയിലും നിബന്ധനകള്‍ പാലിച്ചിരിക്കണം.
10 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങളായിരിക്കണം ഒപ്പം എമര്‍ജന്‍സി എക്‌സിറ്റും ഉണ്ടായിരിക്കണം. വാഹനത്തിന്റെ സൈഡില്‍ ബാഗുകള്‍ തൂക്കിയിടരുത്. റോഡില്‍ നിര്‍ത്തി കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ പാടില്ല. ഓട്ടോറിക്ഷകളില്‍ കുട്ടികള്‍ തെറിച്ച് വീഴാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.
ബസില്‍ യാത്ര ചെയ്യുന്ന കുട്ടികളോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറാന്‍ പാടില്ല. കുട്ടികളെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തിയോ ഇരുവശങ്ങളില്‍ നിര്‍ത്തിയോ കൊണ്ടുപോകാന്‍ പാടില്ല. എന്നിങ്ങനെ പോകുന്നു നിര്‍ദ്ദേശങ്ങള്‍.
















