കാഞ്ഞങ്ങാട്: മത്സ്യമാര്‍ക്കറ്റില്‍ നിന്നും അധികൃതര്‍ ഐസിട്ട മത്സ്യം പിടികൂടി കുഴിച്ചിട്ടു. ഇതിനെതിരെ പ്രതിഷേധവുമായി മത്സ്യവില്‍പ്പനക്കാര്‍ രംഗത്തു വന്നു. ഞായറാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റില്‍ നിന്നാണ് വില്‍പ്പനക്കുവെച്ച ഐസിട്ട മത്സ്യം പഴകിയതാണെന്നാരോപിച്ച് കാഞ്ഞങ്ങാട് നഗരസഭാ അധികൃതര്‍ പിടിച്ചെടുത്തത്.
ഉടന്‍ തന്നെ മത്സ്യം കുഴിച്ചിടുകയും ചെയ്തു.
കലക്ടറുടെ നേതൃത്വത്തില്‍ മത്സ്യച്ചന്തയില്‍ മഴക്കാല പൂര്‍വശുചീകരണ പരിപാടികള്‍ നടന്നതിന് തൊട്ടു പിറകെയാണ് നഗരസഭാ അധികൃതര്‍ ഐസിട്ട മത്സ്യം പിടികൂടിയത്. തുടര്‍ന്ന് കേടായ മത്സ്യം വില്‍പ്പനക്ക് യോഗ്യമല്ലെന്നു പറഞ്ഞ് കുഴിച്ചുമൂടാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇത് മത്സ്യവില്‍പ്പനക്കാരെ പ്രകോപിതരാക്കുകയും അധികൃതരുടെ നടപടിയെ ചോദ്യം ചെയ്യുകയും ചെയ്തു.
സ്ഥലത്തില്ലാതിരുന്ന ഉടമയോട് ഒരു വിശദീകരണം പോലും ആവശ്യപ്പെടാതെയാണ് മത്സ്യം നശിപ്പിച്ചതെന്നാണ് വില്‍പ്പനക്കാര്‍ ആരോപിക്കുന്നത്. ഇതിനുപുറമെ മത്സ്യച്ചന്തയിലെ പ്രത്യേക മുറിയില്‍ സൂക്ഷിച്ചിരുന്ന ത്രാസുകളിലെ ശുചിയില്ലായ്മ ചൂണ്ടിക്കാണിച്ച് ത്രാസുകളും നഗരസഭ പിടികൂടി.
ഇതിനിടെ കുഴിച്ചിട്ട മത്സ്യത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ ഉടമയുടെ നിര്‍ദേശപ്രകാരം ചിലര്‍ മണ്ണുമാന്തി മത്സ്യം പുറത്തെടുക്കാന്‍ നടത്തിയ ശ്രമം പ്രശ്നങ്ങള്‍ക്ക് കാരണമായി. ഇവരെ പോലീസെത്തി കസ്റ്റഡിയിലെടുത്തു.
മത്സ്യങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന സമയമായതിനാല്‍ ഉള്ളവ വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരുടെ വയറ്റത്തടിക്കുന്ന നഗരസഭയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന മത്സ്യ വില്‍പ്പനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: