കാസര്‍കോട്: നാട്ടില്‍ സ്ഥാപിച്ച് ക്യാമറകള്‍ മാത്രമല്ല പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറകളും കണ്ണടച്ചു. ഹൊസ്ദുര്‍ഗ്ഗ് പോലീസ് സ്റ്റേഷനു മുന്നിലും ലോക്കപ്പിനു സമീപത്തും സ്ഥാപിച്ച ക്യാമറകളാണ് മാസങ്ങളായി കണ്ണടച്ചു കഴിയുന്നത്. ഇവ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങള്‍ക്കു മുമ്പേ ബന്ധപ്പെട്ടവര്‍ക്ക് കത്തയച്ചിട്ടും നടപടിയില്ല.
പോലീസ് സ്റ്റേഷന് പരിസരം 24 മണിക്കൂറും നിരീക്ഷിക്കുന്നതിനുവേണ്ടിയാണ് മുന്‍ഭാഗത്ത് ക്യാമറ സ്ഥാപിച്ചിരുന്നത്. ഇതു പ്രവര്‍ത്തിച്ചു വരുന്ന സമയത്ത് ഓരോ ആളനക്കവും സ്റ്റേഷനു അകത്തിരിക്കുന്നവര്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പ്രവര്‍ത്തനം നിലച്ചതോടെ ഇതു കഴിയാതെയായി.
ലോക്കപ്പില്‍ സൂക്ഷിക്കുന്ന പ്രതികളെ നിരീക്ഷിക്കുന്നതിനാണ് അകത്ത് ക്യാമറ സ്ഥാപിച്ചിരുന്നത്. കേരള പോലീസിനു വേണ്ടി കെല്‍ട്രോണാണ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. ക്യാമറകള്‍ തകരാറിലാണെന്നും നന്നാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ കത്തയച്ചുവെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.
അമിത വേഗതയും, കുറ്റകൃത്യങ്ങളും നിരീക്ഷിക്കാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റോഡരുകില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കാതായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അധികാരികള്‍ക്ക് അനക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: