കാസര്‍കോട്: ഇരുപത്തിരണ്ടാമത് റൗണ്ട് കന്നുകാലികള്‍ക്കുളള കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് ജൂണ്‍ ഒന്നു മുതല്‍ 26 വരെ ജില്ലയില്‍ നടക്കും. ഗോരക്ഷാ പദ്ധതിയുടെ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പിന്റെ മുന്നോടിയായുളള ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ ചേര്‍ന്നു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ അധ്യക്ഷത വഹിച്ചു.
എല്ലാ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കുത്തിവെയ്പ് സ്ക്വാഡുകള്‍ നിയോഗിക്കും. പഞ്ചായത്ത് തലത്തിലുളള നടപടികള്‍ അതാത് വെറ്ററിനറി ഡോക്ടര്‍മാര്‍ സ്വീകരിക്കും. കുത്തിവെയ്പിനായി ജില്ലയിലെ പരിശീലനം നല്കിയ 101 സ്ക്വാഡുകളെ നിയോഗിക്കും. പ്രകൃതിക്ഷോഭ ദുരന്ത നഷ്ടപരിഹാരം, ഇന്‍ഷൂറന്‍സ്, കാലിത്തീറ്റ പദ്ധതി, കര്‍ഷകര്‍ക്കായുളള ആനുകൂല്യങ്ങള്‍ തുടങ്ങി മൃഗസംരക്ഷണ വകുപ്പ് മുഖേന നടത്തുന്ന എല്ലാ പദ്ധതികളുടെയും അടിസ്ഥാനം കന്നുകാലികള്‍ക്ക് പതിക്കുന്ന മഞ്ഞ നിറത്തിലുളള തിരിച്ചറിയല്‍ ടാഗ് മുഖേനയായിരിക്കുമെന്നും അതിനാല്‍ എല്ലാ കര്‍ഷകരും ഈ സന്ദര്‍ഭം പരമാവധി വിനിയോഗിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി ശ്രീനിവാസന് അറിയിച്ചു. പശു, എരുമ, പന്നി എന്നീ മൃഗങ്ങളെ ഈ പദ്ധതിയില്‍ കുത്തിവെയ്ക്കും. കര്‍ഷകര്‍ മൃഗമൊന്നിന് അഞ്ച് രൂപ വീതം നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: