പന്തളം: പന്തളത്ത് സിപിഎംഏരിയാ കമ്മിറ്റി നേതാവിന്റെ നേതൃത്ത്വത്തില്‍ നടത്തിയ അക്രമത്തില്‍ 6 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു പരിക്ക്. 2 ഡിവൈഎഫ്ഐക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
വെട്ടേറ്റ എസ്ഡിപിഐ പ്രവര്‍ത്തകരായ പഴകുളം സ്വദേശി ഷാജു (30), പന്തളം മങ്ങാരം സ്വദേശികളായ സനൂജ് (23), സുബി ഇസ്മയില്‍ (30) മുളക്കുഴ സ്വദേശി നിഷാദ് (30)എന്നിവരെ തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലും, പള്ളിക്കു മുമ്പില്‍ ബജിക്കട നടത്തുന്ന കടയ്ക്കാട് സ്വദേശികളായ ഷഫീക്ക് സാദത്ത് (25), നൗഫല്‍ (19) എന്നിവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് സെക്രട്ടറി റഹ്മത്തുള്ള (32), പ്രവര്‍ത്തകനായ ഷംനാദ് (22) എന്നിവരും പന്തളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഘര്‍ഷത്തിനു തുടക്കം കുറിച്ചത്. കടയ്ക്കാട് ജുമാ മസ്ജിനു മുമ്പിലുള്ള ബജിക്കടയിലാണ് സിപിഎംകാര്‍ ആദ്യം അക്രമം അഴിച്ചു വിട്ടത്. ബജിക്കട ഉടമയടക്കം പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് മടങ്ങുന്നവര്‍ക്കു നേരെ രാത്രി 12 മണിയോടെ എന്‍എസ്എസ് കോളേജിനു പിന്നിലുള്ള വഴിയില്‍ വച്ച് വീണ്ടും സിപിഎംകാര്‍ ആക്രമിച്ചു.
തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ നടന്ന സംഘര്‍ഷത്തിലാണ് മറ്റുള്ളവര്‍ക്കു പരിക്കേറ്റത്. സംഘര്‍ഷത്തേത്തുടര്‍ന്ന് എസ്ഡിപിഐ ഇന്നലെ പന്തളം നഗരസഭാ പരിധിയില്‍ ഹര്‍ത്താല്‍ നടത്തി.
രാവിലെ കടകളടപ്പിക്കാന്‍ സംഘടിച്ചെത്തിയ എസ്ഡിപിഐക്കാര് അക്രമത്തിനു തുനിഞ്ഞതോടെ പൊലീസ് ഇടപെട്ടു. അക്രമികള്‍ പോലീസിനു നേരെ തിരിയുകയും എസ്ഐ അടക്കമുള്ളവര്‍ക്കു നേരെ കൈയ്യേറ്റത്തിനു മുതിരുകയും ചെയ്തു. ഇതോടെ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയാണ് അക്രമികളെ തുരത്തിയത്. ഇതിനിടെ സ്വകാര്യ ബസ്സിനു നേരെ എസ്ഡിപിഐക്കാര് കല്ലെറിഞ്ഞു കേടുപാടുകള്‍ വരുത്തി. എസ്ഡിപിഐ പ്രവര്‍ത്തകനും പള്ളിക്കല്‍ പഞ്ചായത്ത് അംഗവുമായ ഷാജി പഴകുളം, പ്രവര്‍ത്തകരായ ബുഖാരി, ഹലീന്‍, ഷമീര്‍, ഷാനവാസ്, സാദിഖ്, നിഷാദ്, മുബിന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
പത്തനംതിട്ട ഡിവൈഎസ്പി വിദ്യാധരന്, അടൂര്‍ ഡിവൈഎസ്പി എസ്.റഫീഖ്, പന്തളം സിഐ ആര്.സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പന്തളം കവല, കടയ്ക്കാട്, മുട്ടാര്‍ എന്നിവിടങ്ങളില്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: