കോഴിക്കോട്: ഇടതു സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് നടക്കുന്ന സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനതല പ്രഖ്യാപനം ധൂര്‍ത്തിന്റെ മേളയാകും. ആദിവാസി കോളനികളിലടക്കം വൈദ്യുതി എത്തിയില്ലെന്ന വാര്‍ത്തകള്‍ വരുന്നതിനിടയിലാണ് ഇന്ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ഉദ്ഘാടന മഹാമഹത്തിന് ലക്ഷങ്ങള്‍ ചെലവഴിക്കുന്നത്. 18 ലക്ഷം രൂപ സര്‍ക്കാര്‍ ഔദ്യോഗികമായി അനുവദിച്ചുവെന്നാണ് അറിയുന്നത്. വൈദ്യുതി വകുപ്പിലെ ഇടതുസംഘടനകള്‍ ഇതിന് വേണ്ടി പണപ്പിരിവ് നടത്തുന്നുണ്ട്.
എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചു എന്ന് അവകാശപ്പെട്ടാണ് മുഖ്യമന്ത്രി ഇന്ന് കോഴിക്കോട് പ്രഖ്യാപന പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാതലങ്ങളില്‍ പരിപാടി സംഘടിപ്പിക്കാന്‍ 50,000 രൂപ വീതവും അനുവദിച്ചിട്ടുണ്ട്. ഇവയ്‌ക്ക് പുറമെയാണ് വന്‍തോതില്‍ പിരിവ് നടത്തുന്നത്.
കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക സഹായംകൊ ണ്ടാണ് വൈദ്യുതീകരണ പ്രവര്‍ത്തനം നടത്തിയതെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ മറച്ചുവെക്കുകയാണ്. ജില്ലയിലെ 12 ബ്ലോക്കുകളിലെ 87 വില്ലേജുകളില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കാന്‍ ദീനദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജനപ്രകാരം 43.88കോടി രൂപ അനുവദിച്ചിരുന്നു. എന്നിട്ടും വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് കമ്പിളിപ്പാറ കോളനിയിലടക്കം വൈദ്യുതിയെത്തിയിട്ടില്ല. കെഎസ്ഇബി വൈദ്യുതീകരണ പ്രവര്‍ത്തനത്തില്‍ പരാജയപ്പെട്ടു എന്നാണ് ഇത് കാണിക്കുന്നത്. എന്നാല്‍ ഒന്നാം വാര്‍ഷികാഘോഷം പൊടിപൊടിക്കാന്‍ ഇടതുസര്‍ക്കാര്‍ കള്ളക്കണക്കുകള്‍ പ്രചരിപ്പിച്ച് സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കിയെന്നാണ് അവകാശപ്പെടുന്നത്. അനുവദിച്ച പണം ചെലവഴിച്ചിട്ടും കോളനികളില്‍ വൈദ്യുതി എത്താത്തതിനെകുറിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്.
















