പത്തനംതിട്ട: ഇലന്തൂര്‍ പഞ്ചായത്തിലെ 40-ാം വാര്‍ഡില്‍ മധുമലയില് ബിവറേജസ് ഔട്ട്ലെറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നാട്ടുകാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഔട്ട്ലെറ്റ് ഇവിടെ തുടങ്ങരുതെന്നാവശ്യപ്പെട്ട് ജില്ലാകളക്ടര്‍ക്കും എക്സൈസ് കമ്മീഷണര്‍ക്കും പരാതി നല്‍കിക്കഴിഞ്ഞു.
ജനകീയ സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭപരിപാടികള്‍. ലക്ഷംവീട് കോളനി, മധുമല പട്ടംതറ കോളനി എന്നിവ ഉള്‍പ്പെടുന്ന സാധാരണക്കാരായ തൊഴിലാളികളും കൂലിപ്പണിക്കാരും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ഇവിടം. ജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് ഇവിടെ ബിവറേജസ് ഷോപ്പ് തുടങ്ങാനുള്ള നീക്കത്തെ ഭീതിയോടെയാണ് നാട്ടുകാര്‍ കാണുന്നത്.
വര്‍ഷങ്ങളായി ജനങ്ങള്‍ ആരാധനയും ഉത്സവവും നടത്തിവരുന്ന മധുമല മലനട ക്ഷേത്രത്തിനു സമീപമാണ് മദ്യശാല തുടങ്ങുന്നത്. ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുന്ന മദ്യശാലയ്ക്ക് അനുമതി നല്‍കരുതെന്ന് പ്രദേശവാസികള്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് വകവയ്ക്കാതെയാണ് ഇപ്പോള്‍ തുടങ്ങുവാനുള്ള തീരുമാനം.
ദ്രാവിഡ ആരാധനാ രീതികള്‍ പിന്തുടരുന്ന പ്രാചീന ക്ഷേത്രമാണ് മധുമല മലനട ക്ഷേത്രം. എല്ലാ വര്‍ഷവും ശിവരാത്രിയോടനുബന്ധിച്ച് കെട്ടുകാഴ്ചയും ഘോഷയാത്രയുമായി ആയിരങ്ങള്‍ പങ്കെടുക്കുന്ന ഉത്സവമാണ് ഇവിടെ നടത്താറുള്ളത്. ഈ ക്ഷേത്രത്തിന്റെ നൂറ് മീറ്റര്‍ പരിധിക്കുള്ളിലാണ് മദ്യശാല തുടങ്ങുന്നത്. എന്നാല്‍ ക്ഷേത്രത്തിനെതിരെ, വിശ്വാസികളുടെ വികാരങ്ങളെ ഹനിക്കുന്ന തരത്തിലാണ് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ ക്ഷേത്രം അബ്കാരി നിയമത്തില്‍ വിവക്ഷിക്കുന്ന ക്ഷേത്രത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. ക്ഷേത്രത്തെ തകര്‍ക്കാനുള്ള ഗൂഢ തന്ത്രമാണിതിനു പിന്നിലെന്ന് സമരസമിതി ആരോപിച്ചു.
ലക്ഷംവീട് കോളനിയില്‍ അന്‍പതിലധികം വീടുകളും പട്ടംതറ കോളനിയില്‍ എണ്‍പതിലധികം വീടുകളുമാണുള്ളത്. സാധാരണക്കാരായ കൂലിപ്പണിക്കാരാണ് ഇവിടുത്തെ താമസക്കാര്‍. ഇവരെ നിത്യ ദാരിദ്ര്യത്തിലേക്കും സമാധാനമില്ലാത്ത ജീവിതത്തിലേക്കും തള്ളിവിടുന്ന നടപടിയാണ് മദ്യശാല സ്ഥാപിക്കല്‍. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഭീതിയിലാണ് ഇപ്പോള്‍ കഴിയുന്നത്.
അധികാരികള്‍ ഇടപെട്ട് ഇവിടെ മദ്യശാല സ്ഥാപിക്കാനുള്ള തീരുമാനം തിരുത്തുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് ജനകീയ സമരസമിതിയുടെ തീരുമാനം. നാരങ്ങാനം 11-ാം വാര്‍ഡ് മെമ്പര്‍ ജയ്മോന് കാക്കനാട്, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡ് മെമ്പര്‍ സീമസജി എന്നിവരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇരുന്നൂറോളം കുടുംബങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: