കാസര്‍കോട്: സംസ്ഥാനം പരിപൂര്‍ണ്ണമായും മാലിന്യമുക്തമാക്കണമെന്ന ലക്ഷ്യത്തോടെ സംസ്ഥാന ശുചിത്വമിഷന് നടപ്പിലാക്കാനുദ്ദേശിക്കുന്ന ഹരിതനിയമാവലി (ഗ്രീന്‍പ്രോട്ടോകോള്‍) ക്യാമ്പയിനുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഇതിനായി സീറോ വേയ്സ്റ്റ് മാതൃകയാണ് അനുവര്‍ത്തിക്കുന്നത്.
നമ്മള് ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കള്‍ സുരക്ഷിതമായി ഭൂമിയിലേക്ക് തന്നെ തിരികെ പോകുന്ന അവസ്ഥ ഉണ്ടാക്കുകയെന്നതാണ് സീറോ വേയ്സ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഉത്സവാഘോഷ വേളകളിലും പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി വ്രതാനുഷ്ഠാനവും ഇഫ്താര്‍ സംഗമവും പ്രകൃതിക്കിണങ്ങിയ രീതിയില്‍ സജ്ജീകരിക്കുന്നത് നമുക്കും വരും തലമുറയ്ക്കും ഗുണകരവും ആരോഗ്യദായകവുമാണ്. അതിനാല്‍ നോമ്പുതുറയും ഇഫ്താര്‍ സംഗമങ്ങളും എല്ലാതരം പ്ലാസ്റ്റിക് പേപ്പറുകളില്‍ നിര്‍മ്മിതമായ ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കി പ്രകൃതി സൗഹൃദമായി സംഘടിപ്പിക്കുന്നതിന് കൂട്ടായി പരിശ്രമിക്കാന്‍ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: