പത്തനംതിട്ട: തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2017-18 ലെ വാര്‍ഷിക പദ്ധതി അംഗീകരിക്കേണ്ട അവസാന തീയതി ഈ മാസം 31 ആയതിനാല്‍ ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും അടിയന്തിര പ്രാധാന്യത്തോടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നേടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആസൂത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.
31ന് മുന്‍പ് വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നേടണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാല്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് പദ്ധതി നിര്‍വഹണത്തെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ എല്ലാ തദ്ദേശഭരണ ഭാരവാഹികളും സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു. പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ചേര്‍ന്ന ആദ്യ ആസൂത്രണ സമിതി യോഗത്തില്‍ റാന്നി ഗ്രാമ പഞ്ചായത്ത് മാത്രമാണ് വാര്‍ഷിക പദ്ധതി അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ആദ്യ ആസൂത്രണ സമിതി യോഗത്തില്‍ റാന്നി, കോയിപ്രം ഗ്രാമ പഞ്ചായത്തുകള്‍ മാത്രമാണ് വാര്‍ഷിക പദ്ധതി അംഗീകാരത്തിനായി സമര്‍പ്പിച്ചത്. പ്രഥമ യോഗത്തില്‍ തന്നെ പദ്ധതിക്ക് അംഗീകാരം നേടിയ റാന്നി, കോയിപ്രം ഗ്രാമ പഞ്ചായത്തുകളുടെ ഭരണസമിതിയെയും ജീവനക്കാരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു.
വാര്‍ഷിക പദ്ധതി അംഗീകാരം നല്‍കുന്നതിനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തീയതിയായ ഈ മാസം 31ന് ശേഷം പ്രോജക്ട് എന്‍ട്രി ചെയ്യുന്നതിനുള്ള സൗകര്യം സുലേഖ സോഫ്റ്റ് വെയറില്‍ ലഭ്യമായിരിക്കില്ല എന്ന് അറിയിച്ചിട്ടുള്ളതിനാല്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്.ഗിരിജ പറഞ്ഞു. ചില തദ്ദേശഭരണ സ്ഥാപനങ്ങള്‍ വികസന സെമിനാറുകള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഇത് പദ്ധതി നിര്‍വഹണത്തെ ബാധിക്കും. ഡേറ്റ എന്‍ട്രിക്കും മറ്റു സാങ്കേതിക ആവശ്യങ്ങള്‍ക്കും അധികം ആള്‍ക്കാരെ ആവശ്യമുള്ള പക്ഷം ദിവസവേതനാടിസ്ഥാനത്തില്‍ മേയ് 31 വരെ നിയമിക്കുന്നതിനും അധിക ഷിഫ്റ്റുകള്‍ ഏര്‍പ്പെടുത്തുന്നതിനും സര്‍ക്കാര്‍ അനുമതി നല്കിയിട്ടുള്ളതായും കളക്ടര്‍ അറിയിച്ചു. വാര്‍ഷിക പദ്ധതി അംഗീകാരം സംബന്ധിച്ച സംശയങ്ങള്‍ ദുരീകരിക്കുന്നതിന് ഐ.കെ.എമ്മിന്റെ പ്രത്യേക ഹെല്‍പ്പ് ഡെസ്ക് ഈ മാസം 31 വരെ പ്രവര്‍ത്തിക്കും. ഇതിന്റെ സേവനവും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്നും കളക്ടര്‍ പറഞ്ഞു.
യോഗത്തില്‍ ആസൂത്രണ സമിതി അംഗങ്ങളായ കെ.ജി അനിത, എലിസബത്ത് അബു, ബി.സതികുമാരി, ലീല മോഹന്‍, ബിനിലാല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.വി കമലാസനന് നായര്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: