കാസര്‍കോട്: മുംബൈയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഭര്‍തൃമതിയുടെ 65000 രൂപയും വജ്രമോതിരവും വളകളും ട്രെയിന്‍ യാത്രക്കിടെ കൊള്ളയടിച്ചു. കാസര്‍കോട് പടന്നയിലെ ഹൈദര്‍ ഷെരീഫിന്റെ ഭാര്യ ബുഷ്റയുടെ പണവും മോതിരവും വളകളും വിലപ്പെട്ട രേഖകളുമടങ്ങുന്ന ബാഗാണ് അപഹരിക്കപ്പെട്ടത്.
മൂന്നുപെണ്മക്കളെയും ബന്ധുവായ പെണ്‍കുട്ടിയെയും കൂട്ടി അവധിക്കാലം ചെലവഴിക്കാന്‍ ബുഷ്റ മുംബൈയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനടുത്തേക്ക് പോയതായിരുന്നു. തിങ്കളാഴ്ച ബുഷ്റ പെണ്മക്കള്ക്കും ബന്ധുവായ പെണ്‍കുട്ടിക്കുമൊപ്പം മുംബൈയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ ഗരീബ്രഥ് എക്സ്പ്രസിലെ എസ് കോച്ചില്‍ വെച്ചാണ് കൊള്ളയടിക്കപ്പെട്ടത്.
ട്രെയിന്‍ കുര്ളയിലെത്താറായപ്പോള് അപരിചിതനായ ഒരാള്‍ ബുഷ്റക്ക് സമീപമെത്തുകയും ബാഗ് തട്ടിപ്പറിക്കുകയുമായിരുന്നു. ട്രെയിന്‍ കുര്ളയിലെത്തിയപ്പോള് തന്നെ കവര്ച്ചക്കാരന് ബാഗുമായി ഇറങ്ങിയോടുകയും ചെയ്തു. 65000 രൂപക്കുപുറമെ വജ്രമോതിരവും രണ്ടുവളകളും എടിഎം കാര്‍ഡും പാന്‍കാര്‍ഡും ബാഗിലുണ്ടായിരുന്നു.
യുവതി കുര്‍ള റെയില്‍വെ പോലീസിനോട് പറഞ്ഞ ശേഷം യുവതിയും മക്കളും ബന്ധുവും ഇതേ ട്രെയിന്‍ യാത്ര തുടരുകയും കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങുകയും ചെയ്തു. തുടര്‍ന്ന് കാസര്‍കോട് റെയില്‍വെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: