കാസര്‍കോട്: ദേശീയപാതയായി പ്രഖ്യാപിക്കപ്പെട്ട ചെര്‍ക്കള-ഉക്കിനടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ മഴക്കാലമെത്തിയിട്ടും അധികൃതര്‍ തയ്യാറാകാത്തത് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരമമാകുന്നു. കുഴിയടയ്ക്കാന്‍ കരാറുകാരെ കിട്ടാത്തതു കൊണ്ടാണ് റോഡിന്റെ അറ്റകുറ്റപണി നീളുന്നതെന്നാണ് പൊതുമരാമത്ത് അധികൃതരുടെ നിലപാട്.
രണ്ട് തവണ ടെണ്ടര്‍ ക്ഷണിച്ചിട്ടും ആരുമെത്തിയില്ല. വര്‍ഷങ്ങളോളമായി നവീകരിക്കാത്ത മെക്കാഡം റോഡില്‍ യാത്രാ ദുരിതം രൂക്ഷമായതിനാല്‍ നാട്ടുകാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ കരച്ചില് സമരം നടത്തിയിരുന്നു.
കാലവര്‍ഷം ശക്തമാകുന്നതിന് മുന്‍പ് റോഡില്‍ ഉണ്ടായ വന്‍ കുഴികള്‍ അടച്ചില്ലെങ്കില്‍ റോഡിന്റെ അവസ്ഥ ദയനീയമായേക്കുമെന്നും ആശങ്കയുണ്ട്. 19 കീലോമീറ്റര്‍ റോഡിലെ കുഴിയടയ്ക്കാന്‍ ചെര്‍ക്കള മുതല്‍ ഉക്കിനടുക്കവരെ 24 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
പള്ളത്തടുക്കയിലും, എടനീരിലും വന്‍ കുഴികളുടെ നിരകളാണ് നിലവിലുള്ളത്. വാഹനങ്ങള്‍ക്ക് കേടുപാടു സംഭവിക്കുന്നതിനാല്‍ അവ ഇതുവഴിയുള്ള യാത്ര മാറ്റി മറ്റ് റൂട്ടുകളിലൂടെ ഓടുകയാണ്.
മാര്‍പ്പനടുക്ക കുമ്പടാജെ, അഡൂര്‍ പാണ്ടി, ബദിയഡുക്ക വിദ്യാഗിരി കിന്നിംഗാര്‍ റോഡും അറ്റകുറ്റപണി നടത്താന്‍ അധികൃതര്‍ ഇതുവരെയായിട്ടും തയ്യാറായിട്ടില്ല.
മഴശക്തമായി പെയ്തു തുടങ്ങിയാല്‍ തകര്‍ന്ന റോഡുകള്‍ വഴിയുള്ള കാല് നടപോലും അസാധ്യമാകുമോയെന്ന് ആശങ്കയിലാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: