കൊച്ചി: പൊതുമേഖലയിലെ ഏറ്റവും വലിയ കപ്പല്‍ശാലയായ കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് പ്രഥമ ഓഹരി വില്‍പ്പന നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്. സെബിയുടെ അനുമതിക്ക് ഇനി ഔപചാരികതള്‍ മാത്രം. ഏപ്രില്‍ ആദ്യം തന്നെ നടപടികള്‍ പൂര്‍ത്തിയാകും. ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി സംവിധാനം എന്നിവയുടെ നിര്‍മാണത്തിന് വേണ്ടിയാണ് തുക സമാഹരിക്കുന്നത്. ഓഹരി വില്‍പ്പനയെ ഷിപ്പ്യാര്ഡിലെ തൊഴിലാളി സംഘടനകളും എതിര്‍ക്കുകയാണ്.
കോള്‍ ഇന്ത്യയുടെ ഓഹരി, വിറ്റപ്പോള്‍ തൊഴിലാളികള്‍ക്ക് നല്‍കിയത് തല്ക്കാലം നേട്ടമായെങ്കിലും ദീര്‍ഘകാല അനുഭവത്തില്‍ തൊഴിലാളികള്‍ക്ക് മെച്ചമുണ്ടായില്ലെന്നാണ് വാദം. എന്നാല്‍, ഇന്ത്യയിലെ ഏറ്റവും മികച്ച കപ്പല്‍ശാലയുടെ കാര്യത്തില്‍ അത്തരം ആശങ്കകള്‍ അസ്ഥാനത്താണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യയില്‍ 2010 നവംബറിലാണ് പ്രഥമ ഓഹരി വില്‍പ്പന നടത്തിയത്. നാല് ലക്ഷം തൊഴിലാളികള്‍ക്കായി 232.75 രൂപയ്ക്ക് 6.32 കോടിയുടെ ഓഹരി വില്‍ക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കമ്പനിക്ക് ആകെ ലഭിച്ചത് 28,000 അപേക്ഷകള്‍ മാത്രമായിരുന്നു. 6.32 കോടിയുടെ സ്ഥാനത്ത് 68.4 ലക്ഷം രൂപയുടെ ഓഹരിയാണ് വിറ്റ് പോയത്. അവശേഷിച്ചത് 5.63 കോടിയുടെ ഓഹരി. വിദേശ നിക്ഷേപകരാണ് ശേഷിച്ച ഭീമമായ തുകയുടെ ഓഹരി കൈക്കലാക്കിയത്.
എന്നാല്‍ ഓഹരി ലിസ്റ്റ് ചെയ്തപ്പോഴാണ് കോളിലെ തൊഴിലാളികള്‍ക്ക് ഏറെ തിരിച്ചടിയുണ്ടായത്. ആദ്യ ദിവസം തന്നെ ഓഹരി വില 343.35 രൂപയായാണ് ഉയര്‍ന്നത്. 110.6 ശതമാനം വര്‍ദ്ധന. ഗുണം ലഭിച്ചത് വിദേശത്ത് നിന്നുള്ള നിക്ഷേപകര്‍ക്കും. ജീവനക്കാരെ കബളിപ്പിക്കാന്‍ അന്ന് കേന്ദ്ര ഭരണത്തിലായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ രാഷ്ട്രീയ സംരക്ഷണവും ഉദ്യോഗസ്ഥതലത്തിലുള്ള സഹായവും ചിലര്‍ക്ക് ലഭിച്ചിരുന്നു. കൊച്ചിന് ഷിപ്യാര്ഡില് 1800 തൊഴിലാളികള്‍ക്കായി 8.24 ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഉദ്ദേശിക്കുന്നത്.
യഥാര്‍ഥ വിലയുടെ 5% കിഴിവും തൊഴിലാളികള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനിടെ, സംസ്ഥാന സര്‍ക്കാര്‍ ഓഹരി വാങ്ങാന്‍ സന്നദ്ധമായിട്ടുണ്ട്. യുപിഎ ഭരണത്തില്‍ കല്‍ക്കരി ഖനി വകുപ്പ് അഴിമതിയില്‍ മുങ്ങിക്കിടന്ന കാലത്തായിരുന്നു അവിടത്തെ ഓഹരിവില്‍പ്പന. ഷിപ്യാര്ഡ് വ്യക്തമായ വികസന പദ്ധതിയുമായാണ് ഓഹരി വിപണയിലിറങ്ങുന്നതെന്നതെന്ന പ്രത്യേകതയും വിശദീകരിക്കപ്പെടുന്നു.
ഓഹരി വിപണയില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് നിക്ഷേപകര്‍ക്കുള്ള മികച്ച ഓഹരികളിലൊന്നായിരിക്കും കപ്പല്ശാലയുടേതെന്നാണ് മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: