തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ വസ്ത്ര വിപണന സ്ഥാപനമായ പോത്തീസില്‍ തിരുവനന്തപുരം നഗരസഭ റെയിഡ് നടത്തി. നാലു ടണ്‍ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു. രാവിലെ 10 മണിയോടെ ആരംഭിച്ച റെയിഡ് മൂന്നു മണിക്കൂര്‍ നിണ്ടു നിന്നു. വസ്ത്ര സ്ഥാപനത്തിനു പിന്നിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന നിരോധിച്ച പ്ലാസ്റ്റിക് ക്യാരിബാഗുകളും നോണ്‍ വോവന്‍ പോളി പ്രൊപ്പലീന്‍ ബാഗുകളും ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് നഗരസഭ പിടിച്ചെടുത്തത്. മൂന്നു ലോറികളിലായാണ് പിടിച്ചെടുത്ത പ്ലാസ്റ്റിക് കവറുകള്‍ കോര്പ്പറേഷന് ഓഫീസിലേക്ക് കൊണ്ടുപോയത്.
രണ്ടാം തവണയാണ് നഗരസഭ പോത്തീസില്‍ റെയിഡ് നടത്തുന്നത്. രണ്ടാഴ്ച മുമ്പ് നഗരസഭ അധികൃതര്‍ റെയിഡ് നടത്തി പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് മുന്നറിയിപ്പ് നല്കി. എന്നാല്‍ വീണ്ടും പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമതും റെയിഡ് നടത്തിയത്. ആദ്യ റെയിഡില്‍ ക്യാരീബാഗുകള്‍ പിടിച്ചെടുത്തിട്ടും കൂടുതല്‍ ബാഗുകള്‍ വീണ്ടും എത്തിയത് അധികൃതരെ ആശങ്കയിലാക്കുന്നു. ഈ സ്ഥാപനത്തിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലുതും ചെറുതുമായ നിരവധി ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെനിന്നായിരിക്കാം വീണ്ടും ബാഗുകള്‍ എത്തിച്ചതെന്ന നിഗമനത്തിലാണ് അധികൃതര്‍. വരും ദിവസങ്ങളില്‍ തലസ്ഥാനത്തെ കൂടുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയിഡ് നടത്തുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്കായിരുന്നു ആദ്യം നിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ജനുവരി 24ന് നഗരത്തില്‍ എല്ലാ പ്ലാസ്റ്റിക് ക്യാരിബാഗുകളും നിരോധിച്ചുകൊണ്ട് കോര്പ്പറേഷന് നിര്‍ദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു. എന്നാല്‍ വ്യാപാര സ്ഥാപനങ്ങളില്‍ കെട്ടികിടക്കുന്ന ബാഗുകള്‍ വിറ്റഴിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന വ്യാപാരികളുടെ അപേക്ഷ കണക്കിലെടുത്ത് മാര്‍ച്ച് ഒന്ന് വരെ നഗരസഭ സമയവും അനുവദിച്ചു.
മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ പരസ്യം നല്‍കുകയും ഒരോ വ്യാപാര സ്ഥാപനങ്ങളില്‍ നേരിട്ടെത്തി നോട്ടീസും മുന്നറിയിപ്പും നഗരസഭ നല്കി.
മുന്നറിയിപ്പെന്നോണം സ്ഥാപനങ്ങളില്‍ നേരിട്ടെത്തി പ്ലാസ്റ്റിക് ബാഗുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നും നിരോധിത ബാഗ് വിപണനം നടത്തുന്ന സ്ഥാപനങ്ങളില്‍ റെയിഡ് നടത്തി അന്ത്യശാസനം നല്കി. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മേല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുകയും പിഴയുള്‍പ്പെടെ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്ന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
റെയിഡില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ പി. അജയകുമാര്‍, പി. ധര്മ്മപാലന് എന്നിവരുടെ നേതൃത്വത്തില്‍ ഒന്‍പത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും 20 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: