ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് 3 വാഹനങ്ങള്‍ നിരോധിച്ചു കൊണ്ട് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. അതായത് ഇനി മുതല്‍ ബിഎസ് 4 വാഹനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങാവൂ എന്ന് സാരം. ഈ തീരുമാനത്തില്‍ എന്താണ് ഇത്ര പ്രാധാന്യമുള്ളത്? ഇതിനെല്ലാമുപരി എന്താണ് ഈ ബിഎസ് 3, ബിഎസ് 4. ബിഎസ് 3യില്‍ നിന്നും വിഭിന്നമായി ബിഎസ് 4നെ വ്യത്യാസ്തമാക്കുന്നത് എന്താണ്?
ബിഎസ് എന്നാലെന്ത്?
ബിഎസ് അഥവാ ഭാരത് സ്റ്റേജ് എന്നാല്‍ ഇന്ത്യയില്‍ മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മലിനീകരണ മാനദണ്ഡ നിലവാര പരിധിയാണ്. പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. ഘട്ടംഘട്ടമായി നടപ്പാക്കിയ നിലവാര പരിധി ബിഎസ് 1-ല്‍ തുടങ്ങി ബിഎസ് 4-ല്‍ എത്തി നില്ക്കുന്നു.
ഇന്ത്യയില്‍ ഭാരത് സ്റ്റേജ് വരുന്നത്?
2000 തുടക്കത്തിലാണ് അന്തരീക്ഷ മലിനീകരണം തടയാന്‍ ഭാരത് സ്റ്റേജ് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയത്. 1991ല്‍ തന്നെ മലിനീകരണം കുറയ്ക്കാനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പരീക്ഷിച്ചിരുന്നെങ്കിലും ഡീസല്‍ വാഹനങ്ങള്‍ മാത്രമായിരുന്നു ആദ്യ ഘട്ടത്തില്‍ ഇതില്‍ ഉള്‍പ്പെട്ടത്. പിന്നീട് പെട്രോള്‍ വാഹനങ്ങള്‍ക്കും നിലവാര പരിധി ബാധകമായി. അതിനു ശേഷമാണ് കൂടുതല്‍ ഫലപ്രദമായി 2000-ത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ മലിനീകരണ മാനദണ്ഡമായ യൂറോ നിലവാരം അടിസ്ഥാനമാക്കി ഭാരത് സ്റ്റേജ് രാജ്യവ്യാപകമായി പരീക്ഷിക്കപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം ന്യൂദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവടങ്ങിളില്‍ ബിഎസ് 2 നടപ്പിലാക്കി. 2005-ഓടെയാണ് രാജ്യവ്യാപകമായി ബിഎസ് 2 നടപ്പാക്കിയത്. 2010-ലാണ് ബിഎസ് 3 നിലവാരത്തിലെത്തുന്നത്.
ബിഎസ് 4 ആക്കുന്നതുകൊണ്ടുള്ള നേട്ടം?
നിലവിലുള്ള ബിഎസ് 4 നിലവാരമുള്ള ഇന്ധനം 2010-ലാണ് ഏര്‍പ്പെടുത്തിയത്. ബിഎസ് 3 വാഹനങ്ങളെക്കാള്‍ 80 ശതമാനം കുറവ് മലിനീകരണം മാത്രമേ ബിഎസ് 4 വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ നിന്നുണ്ടാകു. ഇന്ത്യയില്‍ മലിനീകരണതോത് വളരെ കൂടുതലായതിനാല്‍ 2020ഓടെ ബിഎസ് 6 നിലവാരം കൈവരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബിഎസ് 5 നിലവാരത്തില്‍ തൊടാതെയാണ് ഒറ്റയടിക്ക് ബിഎസ് 6-ലേക്ക് കടക്കുന്നത്. അതോടെ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വായു മലിനീകരണം ഗണ്യമായി കുറയും.
വിപണിക്ക് നഷ്ടം
ഇന്ന് മുതല്‍ ബിഎസ് 3 വാഹനങ്ങള്‍ വില്‍ക്കാനോ, രജിസ്റ്റര്‍ ചെയ്യാനോ പാടില്ലെന്ന നിയമം പ്രബല്യത്തില്‍ വരുന്നതോടെ മോട്ടോര്‍ വാഹന നിര്‍മാണ, വിപണന മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. ഏകദേശം 12,000 കോടി രൂപയുടെ നഷ്ടമാണ് വിപണിക്കുണ്ടാകുകയെന്നാണ് കണക്കുകൂട്ടല്‍.
വ്യാവസായിക, യാത്രാ, ഇരുചക്ര, മുച്ചക്ര വിഭാഗങ്ങളിലായി 8.24 ലക്ഷം യൂണിറ്റ് ബിഎസ് 3 വാഹനങ്ങളാണ് മാര്‍ച്ച് 20 വരെ നിര്‍മാതാക്കളുടെയും ഡീലര്‍മാരുടെയും കൈകളിലുള്ളത്.
മുന്‍നിരക്കാരായ ടാറ്റ മോട്ടോഴ്സ്, അശോക് ലെയ്ലാന്‍ഡ്, മഹീന്ദ്ര & മഹീന്ദ്ര ഇരുചക്ര വാഹന നിര്‍മാതാക്കള്‍ ഹീറോ മോട്ടോകോര്‍പ്, ഹോണ്ട, ടിവിഎസ് തുടങ്ങിയവര്‍ക്കാണ് ഏറെ നഷ്ടം. അതേസമയം, ബജാജ് ഓട്ടോ, ഭാരത് ബെന്‍സ് തുടങ്ങിയവര്‍ ബിഎസ് 4ന് അനുകൂലമായി നേരത്തെ രംഗത്തുണ്ട്. 2010ലാണ് ബിഎസ് 4 നടപടികള്‍ക്കു തുടക്കമായത്. എന്നാല്‍, പല നിര്‍മാതാക്കളും ഇക്കാര്യം ഗൗരവമായെടുത്തില്ല. സുപ്രീംകോടതി തന്നെ വിചാരണയ്ക്കിടെ ഇതു ചൂണ്ടിക്കാട്ടി. കോടതി വിധി ഓഹരി വിപണിയിലും ചലനമുണ്ടാക്കി.
വാഹനങ്ങളില്‍ മാറ്റം വരുത്താനാകുമോയെന്ന് പരിശോധിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. എന്നാല്‍, അതിന് ഏറെ ചെലവു വരും. 40,000 രൂപ വിലയുള്ള ബൈക്കിന് ചുരുങ്ങിയത് 5,000 രൂപയെങ്കിലും ചെലവാക്കേണ്ടിവരുമെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. അതിനിടെ, വാഹനങ്ങള്‍ വിദേശത്തേക്ക് അയക്കാനുള്ള ശ്രമങ്ങളുമുണ്ട്. അശോക് ലൈലാന്‍ഡ് ഇക്കാര്യത്തില്‍ ഏറെ മുന്നിലെത്തി.
കോടതി വിധിയില്‍ നിരാശയാണ് പല നിര്‍മാതാക്കളും പ്രകടിപ്പിച്ചത്. തീരുമാനം അപ്രതീക്ഷിതവും മുന്പരിചയമില്ലാത്തതുമെന്നും വ്യവസായത്തിന് തിരിച്ചടിയാകുമെന്നും ടാറ്റ മോട്ടോഴ്സ് പ്രതികരിച്ചു. സുപ്രീംകോടതി നിര്‍ദേശം ‘പിഴ’യായി സ്വീകരിച്ച് പുതിയ വാഹനങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങാമെന്നും ടാറ്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നാണ് മഹീന്ദ്ര & മഹീന്ദ്രയുടെ എംഡിയുമായ പവന് ഗോയങ്ക പറഞ്ഞത്.
തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ നിര്‍മാതാക്കളുടെ സംഘടന സിയാം പ്രസിഡന്റും അശോക് ലൈലാന്‍ഡ് തലവനുമായ വിനോദ് ദാസരി പറഞ്ഞു. ഏഴു വര്‍ഷമായി ബിഎസ് നാല് ഇന്ധനം ലഭ്യമാക്കാന്‍ എണ്ണക്കമ്പനികള്ക്കായിട്ടില്ലെന്നും പെട്ടെന്ന് തീരുമാനം നടപ്പാക്കുന്നത് മേഖലയ്ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഹന നിര്‍മാണ മേഖലയുടെ വികാസത്തിന് സ്ഥിരതയുള്ള ദീര്‍ഘകാല നയങ്ങളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: