അറുപതു വര്‍ഷങ്ങള്‍ക്കു മുമ്പു പരിചയപ്പെടുകയും ദശകങ്ങളോളം അടുത്ത സഹപ്രവര്‍ത്തകനായും പിന്നീട് പരസ്പരം സ്നേഹാദരങ്ങളോടെ രണ്ടിടങ്ങളിലായി കഴിയുകയും ചെയ്തവരില്‍ ഒരാള്‍ അന്തരിച്ച വിവരം അറിയുമ്പോള്‍ ഉണ്ടാകുന്ന നഷ്ടബോധം ഏതാനും വാക്കുകളില്‍ കുറിക്കാനാവില്ല. എണ്‍പതോടടുത്ത പ്രായത്തില്‍ കഴിഞ്ഞയാഴ്ച രാധാകൃഷ്ണഭട്ട് എന്ന പ്രിയപ്പെട്ട ഭട്ജി അന്തരിച്ച വിവരം അറിഞ്ഞപ്പോള്‍ ഏതാണ്ട് അതേ മാനസികാവസ്ഥയിലായിരുന്നു ഞാന്‍. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ രക്ഷാകര്‍തൃത്വത്തിലുള്ള വിവേകാനന്ദ ധര്‍മപ്രചാര സംഘത്തിന്റെ വാര്‍ഷികത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ അദ്ദേഹം എന്നെ ക്ഷണിക്കുകയും, അവിടെ ആദരിക്കുകയും ചെയ്തത് മുമ്പ് ഈ പംക്തികളില്‍ വിവരിക്കുകയും ചെയ്തിരുന്നു. അന്ന് അദ്ദേഹത്തിന്റെ ജ്യൂസ് സ്ട്രീറ്റിന്റെ കിഴക്കേ അറ്റത്തുള്ള വീട്ടില്‍ ചെല്ലുകയും കുടുംബവുമൊത്ത് ഭക്ഷണം കഴിക്കുകയും ചെയ്ത ശേഷമാണ് പരിപാടി നടക്കുന്ന എസ്.എസ് കലാമന്ദിറിലേക്ക് പോയത്.
ആ വീടും, അദ്ദേഹത്തിന്റെ സഹോദരീ സഹോദരന്മാരുമായി വളരെ ഹൃദയംഗമമായ സൗഹൃദം പുലര്‍ത്തിയിരുന്നു. വിവേകാനന്ദധര്‍മ പ്രചാരസംഘത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലും, അന്ന് ജന്മഭൂമിയിലായിരുന്ന എന്നെ അദ്ദേഹം ക്ഷണിച്ചിരുന്നു. അന്ന് യൗവനത്തോട് യാത്രപറഞ്ഞുതുടങ്ങിയിരുന്നെങ്കിലും ഊര്‍ജസ്വലതയ്ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. 1965 ല്‍ പ്രചാരകനെന്ന അവസ്ഥയില്‍ നിന്ന് ഗൃഹസ്ഥാശ്രമത്തില്‍ ്രപവേശിച്ച ഭട്ജി മുമ്പത്തേതുപോലെതന്നെ ഊര്‍ജസ്വലതയോടെ എറണാകുളം ജില്ലയില്‍ സംഘചുമതല നിര്‍വഹിച്ചുവരികയായിരുന്നു. അദ്ദേഹത്തിന്റെ നാനാമുഖമായ കഴിവുകള്‍ അതു ഗാനത്തിലായാലും പ്രഭാഷണത്തിലായാലും, ഏതു വിപരീത പരിതസ്ഥിതിയിലും സഹപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസവും ആവേശവും നല്കുന്നതിലായാലും വിളങ്ങി നിന്നിരുന്നു. പഴയ എറണാകുളം ജില്ലയില്‍ അദ്ദേഹമെത്താത്ത ഗ്രാമമുണ്ടായിരിക്കില്ല.
പ്രചാരകനായിരുന്ന കാലത്ത് ആലപ്പുഴയിലും കോട്ടയത്തുമുള്ള ഉള്‍പ്രദേശങ്ങളിലെ വീട്ടുകാര്‍ അദ്ദേഹത്തെ സ്വന്തം വീട്ടിലെ അംഗത്തെപ്പോലെ കരുതി. വര്‍ഷങ്ങള്‍ക്കുശേഷം ഇന്നും പഴയ തലമുറക്കാര്‍ക്ക് അതനുസ്മരിക്കാന് ആവേശമുണ്ട്. തൊടുപുഴയില്‍ ശാഖ ആരംഭിച്ച കാലത്ത് ഒരു ഗുരുപൂജാ പരിപാടിക്ക് ഭാസ്കര്‍റാവുജി അദ്ദേഹത്തെ അയച്ചു. അന്നദ്ദേഹം ഉത്സവ പരിപാടിയില്‍ സംസാരിച്ചതിനുപുറമെ, സംഗീതവാസനയുള്ള രണ്ട് കുട്ടികള്‍ക്ക് ഗണഗീതം എങ്ങനെ പാടണമെന്നു പറഞ്ഞുകൊടുക്കുകയും ചെയ്തു. അന്നദ്ദേഹം എന്റെ വീട്ടിലാണ് താമസിച്ചത്. പിന്നീട് ഞാന്‍ പ്രചാരകനായി പോയശേഷം വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം ഞാന്‍ വന്നതായി കരുതണമെന്ന് അമ്മയോടു പറയുകയുണ്ടായി. വീട്ടിനടുത്തുള്ള എന്‍എസ്എസ് സ്കൂളില്‍ എറണാകുളം ജില്ലയുടെ ശീതകാല ശിബിരമുണ്ടായിരുന്നു. അക്കാലത്ത് ജനസംഘ സംഘടനാ ചുമതല വഹിച്ചിരുന്ന ഞാനും അതില്‍ പങ്കെടുക്കണമെന്ന് ഭാസ്കര്‍റാവുജി നിര്‍ദ്ദേശിച്ചിരുന്നു. മണക്കാട്ട് നാട്ടുകാര്‍ മുഴുവന്‍ ആ ശിബിരത്തിന്റെ വിജയത്തിന് സഹകരിച്ചു.
സംഘേതര വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണം, ശിബിരത്തില്‍ ഔപചാരിക ബൗദ്ധിക്കിന് പുറമെയുള്ള ഒരിനമായിരുന്നു. മാര്‍ക്സിസവും ഏകാത്മമാനവദര്‍ശനവും താരതമ്യം ചെയ്യാനാണ് ഭട്ജി എന്നോടാവശ്യപ്പെട്ടത്. സംഘചാലക് എന്ന ചുമതലയുണ്ടായിരുന്ന അച്ഛനായിരുന്നു ശിബിരാധികാരി. ശിബിരത്തിന്റെ അനൗപചാരിക കാര്യാലയവും അതിഥിമന്ദിരവുമായി വീടും പ്രവര്‍ത്തിച്ചു. ബൗദ്ധിക വിഭാഗത്തിന്റെ അധ്യക്ഷത സ്വാഭാവികമായും അച്ഛന് വഹിച്ചു. പ്രഭാഷണത്തിനായി എന്നെ പരിചയപ്പെടുത്തി ക്ഷണിച്ചുകൊണ്ട് ഭട്ജി പറഞ്ഞത് ”ഇപ്പോള്‍ അച്ഛനും മകനും ഒരുമിച്ച് നിങ്ങളെ നേരിടു”മെന്നായിരുന്നു.
ഇങ്ങനെ ഒട്ടേറെ വ്യക്തിപരമായ അനുഭവങ്ങള്‍ പറയാനുണ്ട്. വ്യക്തിഗീതമായാലും ഗണഗീതമായാലും അവസരത്തിനനുസരിച്ച ഭാവതീവ്രത നല്കിക്കൊണ്ടാവും ഭട്ജി ആലപിക്കുക. അക്ഷരശുദ്ധിയുടെയും പദവിഛേദനത്തിന്റെയും കാര്യത്തില്‍ കൃത്യത പാലിച്ചിരുന്നതിനാല്‍ ആര്‍ക്കും അതിന്റെ പൊരുള്‍ മനസ്സിലാകാതെ വരില്ല. ഒഎന്‍വി ആകാശവാണിക്കുവേണ്ടി രചിച്ച ഏതാനും ഗീതങ്ങള്‍ സംഘത്തില്‍ പാടാന്‍ ഉപയോഗിക്കണമെന്ന ആശയം കോട്ടയത്ത് പ്രചാരകനായിരുന്ന മാധവനുണ്ണി പ്രകടിപ്പിച്ചപ്പോള്‍ ഹരിയേട്ടന് അതിനെ അനുകൂലിച്ചു. അങ്ങനെ സ്വീകരിച്ചവ ഇക്കാലത്തും ഉപയോഗിക്കുന്നു. ‘ഭാരതഹൃദയ വിപഞ്ചിയിലുണരും രാഗമാലിക നാം’, ‘നമ്മെ വിളിപ്പൂ നമ്മെ വിളിപ്പൂ നല്ല ഹൈമവതഭൂമി’ എന്നീ ഗാനങ്ങളാണവ. ഇതിന് കവിയുടെ സമ്മതം നേടാന്‍ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ സമീപിച്ചപ്പോള്‍ ഒഎന്‍വി സസന്തോഷം സമ്മതിച്ചു.
അതു പാടേണ്ടതെങ്ങനെയെന്ന് തീരുമാനിക്കാന്‍ ഭട്ജിയെയാണ് സമീപിച്ചത്. നമ്മെ വിളിപ്പൂ എന്ന ഗാനത്തില്‍, ”ഇവിടെച്ചതിയുടെ കാഞ്ചി വലിച്ചൊരു ചീനപ്പടയുടെ നേരെ, കറുപ്പുതിന്നുമയങ്ങിയ മഞ്ഞക്കാടത്തത്തിനുനേരെ, ഇവിടെപ്പുതിയൊരു താണ്ഡവമാടാന്‍ വരുന്നു ഭാരതപുത്രന്” എന്ന ചരണത്തില്‍, ചീനപ്പടയുടെ എന്ന സ്ഥലത്ത് ‘ശത്രുപ്പടയുടെ’എന്നും, അടുത്ത വരി ”മോഹമദത്തില്‍ മുങ്ങി മയങ്ങിയ കാടത്തത്തില്‍” എന്നും മാറ്റുന്നതുചിതവും സര്‍വകാല പ്രസക്തവുമാകുമെന്ന് അഭിപ്രായപ്പെട്ട് ഭട്ജി അങ്ങനെ അതു ചിട്ടപ്പെടുത്തി. ഗാനാഞ്ജലിയില്‍ അതു ചേര്‍ക്കുന്നതിനും ഒഎന്‍വി സമ്മതം നല്‍കിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഭാസ്കര്‍റാവുജി പ്രാന്തപ്രചാരക്സ്ഥാനത്തുനിന്ന് വിമുക്തനായി കല്യാണാശ്രമത്തിന്റെ സംഘടനാ കാര്യദര്‍ശിയായി ആസ്ഥാനം കേരളത്തില്‍ നിന്നും മുംബൈയിലേക്കു മാറ്റിയപ്പോള്‍ ഭട്ജി സംഘത്തിന്റെ ഔപചാരിക ചുമതലകള്‍ ഒഴിഞ്ഞു. അതേസമയം ശാഖയില്‍ സ്ഥിരമായി പങ്കെടുക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം ധാര്‍മിക പ്രഭാഷണങ്ങള്‍ക്കും ഹരികഥക്കും ശ്രദ്ധ നല്കി. അതിവേഗം അതില്‍ പ്രശസ്തനുമായി. അതുവരെ കേരളീയര്‍ക്കു മുമ്പില്‍ കഥാപ്രാസംഗികര്‍ അവതരിപ്പിച്ചു കേട്ട, ഇടതുചായ്വുള്ള ഇക്കിളിക്കഥകള്ക്കു പകരം ധര്‍മബോധവും ആധ്യാത്മിക ചിന്തയും പ്രസരിപ്പിക്കുന്ന, മനസ്സിനെ ഉല്‍ബുദ്ധമാക്കുന്ന ഭട്ജിയുടെ ഹരികഥകളും, മതപ്രഭാഷണങ്ങളും കേരളത്തിലുടനീളം നടത്തപ്പെട്ടു.
എട്ടു പതിറ്റാണ്ട് ജീവിതമെന്നത് അത്ര ചെറിയ കാലമല്ല. അതു ഫലപ്രദമായി സമാജത്തിന് ഉപകാരപ്രദമായിരുന്നുവെന്നതാണ് ശ്രദ്ധേയം. അക്കാര്യത്തില്‍ അദ്ദേഹവും കുടുംബവും ധന്യത നേടിയിരിക്കുന്നു.
കഴിഞ്ഞ ആഴ്ച മറ്റൊരു മുന്‍ പ്രചാരകന് കെ.ആര്. നന്ദനനും അന്തരിച്ച വിവരം ലഭിച്ചു. അദ്ദേഹം ഏതാനും വര്‍ഷക്കാലം ജന്മഭൂമിയുടെ പ്രൂഫ്റീഡറായി പ്രവര്‍ത്തിച്ചിരുന്നു. അടിയന്തരാവസ്ഥയില്‍ മിസാ തടവുകാരനായി ഭട്ജിയോടൊപ്പം വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞ ആളായിരുന്നു. നന്ദനന്റെ സഹോദരന് ആനന്ദനും പ്രചാരകനും ക്ഷേത്രസംരക്ഷണ സമിതിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനുമായിരുന്നു. അടിയന്തരാവസ്ഥയില്‍ ആനന്ദനും അതിക്രൂരമായ മര്‍ദ്ദനത്തിനു വിധേയനായി. അദ്ദേഹം ഇപ്പോള്‍ രോഗബാധിതനായി ആശുപത്രിയിലാണ്.
നന്ദനന്‍ നല്ല കവിതാവാസനയുളള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ പല ലഘുകവനങ്ങളും ശാഖയില്‍ പാടാറുണ്ട്. ജന്മഭൂമിയില് ജോലിചെയ്യുന്നതിനിടെയാണെന്നു തോന്നുന്നു അദ്ദേഹം ജ്യോതിഷത്തിലും അല്പം വൈദ്യത്തിലും താല്പര്യം കാട്ടിവന്നു. രണ്ടും ജന്മസിദ്ധമായി ഉണ്ടായിരുന്നുതാനും. ഏതായാലും ജ്യോതിഷം തൊഴിലായി സ്വീകരിച്ചു. കുറേക്കാലമായി ബന്ധമില്ലാതിരുന്ന അദ്ദേഹത്തെ അടിയന്തരാവസ്ഥാ പീഡിതസംഘത്തിന്റെ ഒരു പരിപാടിയില്‍ കണ്ടപ്പോള്‍ പഴയ കാര്യങ്ങള്‍ അനുസ്മരിക്കുകയുണ്ടായി.
ഭട്ജി അന്തരിച്ച ദിവസംതന്നെ പാലക്കാട്ടെ ഭാസ്കരന്മാസ്റ്ററുടെ ചരമവാര്‍ത്തയും അറിഞ്ഞു. മുതിര്‍ന്ന പ്രചാരകന് സേതുവേട്ടന്റെ ജ്യേഷ്ഠന് എന്നതിനു പുറമെ കല്ലേക്കാട്ട് വിദ്യാനികേതന്റെ പ്രശിക്ഷണകേന്ദ്രം പ്രിന്‍സിപ്പാള്‍ എന്ന നിലയ്ക്കും, കണ്ണകിയമ്മന്‍ വിദ്യാലയത്തിലെ അധ്യാപകന് എന്ന നിലയ്ക്കും ഭാസ്കരന് മാസ്റ്ററുമായി ഏറെ അടുത്തു പെരുമാറാന്‍ അവസരം ലഭിച്ചിട്ടുണ്ട്. കല്ലേക്കാട് പ്രശിക്ഷണകേന്ദ്രത്തില് പരിശീലനത്തിനെത്തുന്നവര്‍ക്ക് പാഠ്യേതര വിഷയങ്ങളില്‍ ക്ലാസെടുക്കുക എന്ന പതിവ് വളരെക്കാലമായുണ്ട്. കേന്ദ്രത്തിന്റെ തുടക്കം മുതല്‍ അതിന് എന്നെയും വിളിക്കാറുണ്ടായിരുന്നു. സാമൂഹ്യവും ഭാഷാപ്രയോഗ സംബന്ധവും, മാധ്യമവിഷയങ്ങളും മറ്റും അവര്‍ക്കുമുന്നില്‍ അവതരിപ്പിക്കാനായിരുന്നു ഞാന്‍ നിയോഗിക്കപ്പെട്ടിരുന്നത്. കല്ലേക്കാട്ടെ കേശവമന്ദിരത്തിലോ, പാലക്കാട്ടെ കാര്യാലയത്തിലോ താമസിക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ ഭാസ്കരന്‍മാസ്റ്റര്‍ സ്വയം താല്പര്യമെടുത്ത് ഏര്‍പ്പെടുത്തുമായിരുന്നു. മാസ്റ്റര്‍ വടക്കന്തറയില്‍ താമസിച്ചിരുന്ന വീട്ടില്‍ ഏതുസമയത്തും മുന്നറിയിപ്പുകൂടാതെ കയറിച്ചെല്ലാന്‍ സംഘപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഒരിക്കല്‍ പാലക്കാട് കാര്യാലയത്തില്‍ രാത്രിയിലാണെത്തിയത്.
എന്തോ സമരത്തിന്റെ ഭാഗമായി നഗരത്തിലെ ഹോട്ടലുകള്‍ക്ക് ബന്ദായിരുന്നു. പരേതനായ മുന്‍ പ്രചാരകന് പി. രാമചന്ദ്രന് കാര്യാലയത്തിലുണ്ടായിരുന്നു. അപ്പോള്‍ത്തന്നെ ഭാസ്കരന്മാസ്റ്ററുടെ വീട്ടില്‍ പോയി വിവരമറിയിച്ചു. അവിടെനിന്ന് ഭക്ഷണം കഴിച്ചു. അദ്ദേഹത്തിന്റെ അമ്മയും അന്നവിടെ ഉണ്ടായിരുന്നു. അമ്മയെ വളരെക്കാലങ്ങള്‍ക്കുശേഷം കാണുകയായിരുന്നു. അമ്മയ്ക്കും അതിയായ സന്തോഷം. അവര്‍ തന്നെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചുവെന്നു പറഞ്ഞാല്‍ മതിയല്ലോ.
ഒട്ടേറെ സുഖസ്മൃതികള്, മാസ്റ്റര്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്ക്കുള്ളവ തികട്ടിവരുന്നുണ്ട്. ഏറെ അടുത്തു പെരുമാറിയവര്‍ വിട്ടുപിരിയുന്നത് മനസ്സിനെ മ്ലാനമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: